ജയ്പൂരിൽ കൊറോണ ബാധിതരായ ഇറ്റാലിയൻ ദമ്പതികൾക്ക് നൽകിയത് എയിഡ്സിൻ്റെ മരുന്ന്: ഇന്ത്യയിൽ ആദ്യത്തെ സംഭവം

single-img
10 March 2020

കൊറോണബാധിതരായ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് ജയ്പൂരില്‍ എച്ച്‌ഐവി (എയ്ഡ്സ്) മരുന്നുകൾ നൽകിയെന്നാരോപണം. ലോപ്പിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളാണ് രോഗികൾക്കു നൽകിയതായി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിൻ്റെ അനുമതി നേടിയ ശേഷമാണ് മരുന്ന് ഉപയോഗിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്‌ഐവി മരുന്ന് കൊറോണബാധിതര്‍ക്ക് നല്‍കുന്നത്.

Support Evartha to Save Independent journalism

അതേസമയം ലോപ്പിനാവിര്‍, റിറ്റോനാവിര്‍ എന്നിവയുടെ മിശ്രിതം നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയേ നല്‍കിട്ടുള്ളൂ എന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. ലോപ്പിനാവിര്‍-റിറ്റോനാവിര്‍ കോമ്പിനേഷന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇനിയും പറയാറായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ മരുന്നുകളുടെ കോമ്പിനേഷന്‍ പുതിയതല്ല. ഇവ ചൈനയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 

ഇറ്റലിയിൽ നിന്നുമെത്തിയ 69കാരനും ഭാര്യക്കുമാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ന്യൂമോണിയയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്ത 69കാരന് ഇപ്പോള്‍ പനിയില്ലെന്നും നില വളരെ മെച്ചപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു. 

പത്തു ദിവസത്തിനകം ഡിസ്ചാര്‍ജ്ജിന് കഴിഞ്ഞേക്കും. ഭാര്യയുടെ നിലയും മെച്ചപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ മാത്രം ലോപ്പിനാവിര്‍-റിറ്റോനാവിര്‍ കോമ്പിനേഷന്‍ ഉപയോഗിക്കാനാണ് തീരുമാനമെന്നും അധികൃതർ പറയുന്നു.  ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഇന്ത്യയില്‍ ആവശ്യമായാല്‍ പ്രത്യേകിച്ചും ഈ മരുന്നുകൾ ആവശ്യമായിവരുമെന്നാണ് അധികൃതരുടെ വാദം.