കൊറോണ ഓഹരി വിപണിയെ ബാധിച്ചു; മുകേഷ് അംബാനിക്ക് നഷ്ടമായത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം

single-img
10 March 2020

ലോകമാകെ ഭീതി വിതയ്ക്കുന്ന കൊറോണവൈറസ് ബാധ ഓഹരി വിപണിയെയും സ്വാധീനിച്ചപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടു. ഒറ്റ ദിവസംകൊണ്ടുമാത്രം 580 കോടി ഡോളറാണ്( 43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷ് അംബാനിക്ക് നഷ്ടമായത്.

ഇതോടൊപ്പം അന്താരാഷ്‌ട്ര ഓഹരി വിപണിയിലെ തകര്‍ച്ചയും എണ്ണവിലയിലെ ഇടിവും മുകേഷ് അംബാനിക്ക് തിരിച്ചടിയായി. വിപണിയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്. അംബാനിയുടെ നഷ്ടത്തിൽ ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ ഏഷ്യയിലെ വലിയ കോടീശ്വരനായി. അദ്ദേഹത്തിന്റെ സമ്പാദ്യം 44.5 ബില്ല്യണ്‍ ഡോളറായി ഉയരുകയായിരുന്നു.

കൊറോണ ലോകവ്യാപകമായി കനത്ത സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ വിപണിയില്‍ സജീവമാണ്. ചൈനയുടെ വെളിയിൽ രോഗം കൂടുതലായി വ്യാപിച്ച രാജ്യമായ ഇറ്റലിയിലെ കനത്ത നടപടികള്‍ യൂറോപ്പിനെ ബാധിച്ചേക്കും. ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ നിയന്ത്രണവും തിരിച്ചടിയാകും.

ഇപ്പോൾ തന്നെ ചൈനയിലും ഇന്ത്യയിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട ഓഹരി വിപണിയിലും കൊറോണവൈറസ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.