ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍

single-img
10 March 2020

സംസ്ഥാനമാകെ കൊറോണ ഭിതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തിൽ ബിവറേജസ് കോര്‍പറേഷന്‍റെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ജീവനക്കാര്‍ക്ക് മാസ്‌കുകളും ഗ്ലൗസുകളും മറ്റ് അനുബന്ധസാമഗ്രികളും നല്‍കുമെന്ന് സര്‍ക്കാര്‍. വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇവ വിതരണം ചെയ്യുന്നതിന് അടിയന്തരനടപടിയെടുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേപോലെ തന്നെ സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റ്റുകളിലും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയിലും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌കുകളും ഗ്ലൗസും മറ്റ് അനുബന്ധ സാമഗ്രികളും ലഭ്യമാക്കണമെന്ന് എക്‌സൈസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

കേരളമാകെയുള്ള വ്യവസായ-വാണിജ്യ-സേവന മേഖലകള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളിലും മതിയായ മുന്‍കരുതലും ജാഗ്രതയും ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ലേബര്‍ കമ്മീഷണണറോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.