കോഴിക്കോട് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയിൽ നാട്ടുകാർ

single-img
10 March 2020

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ വ്യാപകമായി ചത്തനിലയിൽ കണ്ടെത്തി. കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.

വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളുമുള്ളത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ രൂപീകരിച്ച പ്രത്യേക സംഘവും സ്ഥലത്ത് എത്തും.‌

അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും കോഴികൾ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടിൽ നിന്ന് മാറ്റിയവരുമുണ്ട്.മാവൂര്‍ ഭാഗത്ത് നിന്ന് പക്ഷിപ്പനി സംശയത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതി‍ന്‍റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ.