ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളി പൊളിറ്റ്ബ്യൂറോ; യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കില്ല

single-img
9 March 2020

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ല എന്ന മുന്‍ തീരുമാനത്തിലുറച്ച് പാര്‍ട്ടി നേതൃത്വം. യെച്ചൂരിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന പശ്ചിമ ബംഗാള്‍ സിപിഎം ഘടകത്തിന്റെ ശുപാര്‍ശ പൊളിറ്റ് ബ്യൂറോ തള്ളുകയായിരുന്നു. ഈ മാസം ആറിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

നിലവിൽ രണ്ട് തവണ രാജ്യസഭയിലെത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. കേരളത്തിൽ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള 17 അംഗ പൊളിറ്റ്ബ്യൂറോയില്‍ ഒമ്പത് പേര്‍ മാത്രമാണ് കഴിഞ്ഞ യോഗത്തിനെത്തിയിരുന്നത്. നേരത്തെ 2005 നും 2017 നുമിടയില്‍ രണ്ട് തവണ യെച്ചൂരി രാജ്യസഭാ എംപിയായിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമല്ലാതിരുന്നപ്പോള്‍ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും അന്നും സിപിഎം തയ്യാറായിരുന്നില്ല.