ഇറ്റലിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടും വിമാനത്താവളത്തിൽ ആരും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല: കൊറോണ ബാധിച്ച കുടുംബം

single-img
9 March 2020

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം വഴി പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അസുഖവവിവരം മറച്ചുവച്ച കുടുംബം, നാടാകെ കറങ്ങി നടന്നതും ചികിത്സിക്കാന്‍ വിമുഖ കാട്ടിയതും വലിയ തെറ്റാണെന്ന് വിമര്‍ശിച്ച് ആരോഗ്യ മന്ത്രിയാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ  രോഗമുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് മൂന്നംഗ കുടുംബത്തിലെ മകൻ്റെ വാദം. അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കില്ലായിരുന്നുവശന്നും അയാൾ പറഞ്ഞു. 

ഇറ്റലിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടും വിമാനത്താവളത്തിൽ ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. എവിടെനിന്നാണു വരുന്നതെന്നു പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുമെന്നും അയാൾ വ്യക്തമാക്കി. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കുടുംബം പറഞ്ഞു.  അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അയാൾ പറഞ്ഞു. 

പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടിലെത്തിയതാണെന്നും ഇയാള്‍ പറഞ്ഞു. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ? അവള്‍ക്ക് ഉമ്മ കൊടുക്കുമോ? നെടുമ്പാശേരി വിമാനത്താവളത്തിലെ  ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചികില്‍സയ്ക്കു വിധേയമാകുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിര്‍ദേശിച്ചുമില്ല. അങ്ങനെ സംഭവിച്ചതു കൊണ്ടാണ് സഹോദരിയും കുഞ്ഞും അടക്കം ഇപ്പോള്‍ ഐസലേഷനില്‍ കഴിയുന്നതെന്നും അയാൾ വ്യക്തമാക്കി. ഇറ്റലിയില്‍നിന്നു പുറപ്പെടുംമുന്‍പ് വിമാനത്താവളത്തില്‍ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.