വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം; പരിശോധനയില്ലാതെ പുറത്തെത്തിയവരിൽ ചൈനീസ് പൌരന്മാർ വരെ

single-img
9 March 2020

രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവർ ഏത് രാജ്യത്തുനിന്നാണെന്ന് പരിശോധിച്ച് അവരെ നിരീക്ഷണത്തിനയയ്ക്കുന്നതിന്റെ ചുമതല കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെന്ന് വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇമിഗ്രേഷൻ വിഭാഗവും കൂടിയാണ് കൊറോണ ഭീഷണിയെത്തുടർന്നുള്ള പരിശോധനകൾ നടത്തുന്നതെന്ന് കൊച്ചി വിമാനത്താവള അധികൃതർ ഇവാർത്തയോട് പറഞ്ഞു.

പത്തനംതിട്ട സ്വദേശികൾ ഇറ്റലിയിൽ നിന്നെത്തിയ ഫെബ്രുവരി 29-ന് ഇറ്റലിയിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല എന്നാ‍ണ് വിമാനത്താവള അധികൃതർ പറയുന്നത്. ഇവർ രോഗലക്ഷണം മറച്ചുവെച്ച് വിമാനത്താവളത്തിന് പുറത്തെത്തുകയായിരുന്നുവെന്നും പിന്നീട് മെഡിക്കൽ സ്റ്റോറിൽ പാരസെറ്റാമോൾ ഗുളിക വാങ്ങാനെത്തിയതിനെത്തുടർന്ന് ഇവരെ ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെടുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചൈനീസ് സ്വദേശികൾ അടക്കമുള്ളവർ വിമാനത്താവളം വഴി പുറത്തെത്തി

കഴിഞ്ഞമാസം കൊച്ചി വിമാനത്താവളത്തിലെത്തിയ രണ്ട് ചൈനീസ് സ്വദേശികളെ കൊച്ചി വിമാനത്താവളത്തിലെ പരിശോധനാ ഉദ്യോഗസ്ഥർ പുറത്തുപോകാൻ അനുവദിച്ചിരുന്നതായി ഇവാർത്തയ്ക്ക് വിവരം ലഭിച്ചു. പിന്നീട് ഇവർ താമസിക്കുന്ന ഫ്ലാറ്റ് ഉടമകൾ സംസ്ഥാന ആരോഗ്യവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ആണ് ഇവരെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. 30 ദിവസത്തെ നിരീക്ഷണത്തിന് ശേഷം രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ സംസ്ഥാന സർക്കാർ പുറത്തുവിട്ടത്.

സംസ്ഥാന സർക്കാർ നടപടികളോട് ചൈനീസ് സ്വദേശികൾ പൂർണ്ണമായും സഹകരിച്ചിരുന്നു. എന്നാൽ ഇവരുടെ കാര്യത്തിൽ വിമാനത്താവളത്തിലെ പരിശോധനാ ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥ എത്ര വിദേശയാത്രക്കാരുടെ കാര്യത്തിൽ ചെയ്തിട്ടുണ്ടാകും എന്നത് ആശങ്കാജനകമാണ്. ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് വിമാനത്താവള അധികൃതർ ഇവാർത്തയോട് പ്രതികരിച്ചത്.