നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലി ഉൾപ്പെട്ടത് മാർച്ച് ഒന്നിന്: ഇതിനു മുമ്പ് വിമാനമറങ്ങിയ നിരവധി പേർ പുറത്ത് കറങ്ങുന്നു

single-img
9 March 2020

ഇറ്റലിയിൽ നിന്നും കൊറോണ ബാധിതരായി വിമാനമിറങ്ങിയ സംഘം എയർപോർട്ടിൽ വിവരങ്ങൾ വെളിപ്പെടുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ 29നു രാവിലെ കൊറോണ ബാധിതമെന്ന നിലയിൽ നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇറ്റലി ഉൾപ്പെടാതിരുന്നതാണു വൈദ്യ പരിശോധന ഒഴിവാകാൻ കാരണമെന്നാണ് പുറത്തു വരുന്ന സൂചന. വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്കു മാത്രമായിരുന്നു വൈദ്യപരിശോധന. മാർച്ച് ഒന്നു മുതലാണു ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ നിരീക്ഷണത്തിലായത്.

വിമാനത്താവളത്തിൽ എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നില്ല. 28 ദിവസത്തിനിടെ രോഗബാധിത രാജ്യങ്ങൾ സന്ദർശിച്ചവരിലാണു പരിശോധന.കൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുണ്ടെങ്കിൽ സ്വമേധയാ അറിയിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും യാത്രക്കാർ ഇക്കാര്യം പറഞ്ഞില്ലെന്നു കലക്ടർ എസ്. സുഹാസ് പറഞ്ഞു.

വിമാനമിറങ്ങുന്ന ഇറ്റലിയിൽ നിന്നു വന്ന യാത്രക്കാർ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിൽ പരിശോധന നടത്തി അവരെ അപ്പോൾ തന്നെ ഐസലേഷനിലേക്കു മാറ്റി രോഗവ്യാപനം തടയാൻ കഴിയുമായിരുന്നുവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു.രോഗ പരിശോധന നടത്താതെ ഇറ്റലി സംഘം വിമാനത്താവളത്തിനു പുറത്തു കടന്നതു സംബന്ധിച്ച് എറണാകുളം ഡിഎംഒയോട് ആരോഗ്യ ഡയറക്ടറേറ്റ് വിശദീകരണം തേടും. 

ദോഹ യാത്രക്കാരുടെ കൂട്ടത്തിൽ ഇവർ പുറത്തു കടന്നുവെന്നാണ് അധികൃതരുടെ വാദം. എന്നാൽ, വെനീസിൽനിന്നു യാത്ര ആരംഭിച്ചവരെ ഇമിഗ്രേഷനിൽ കണ്ടെത്താൻ കഴിയാതെ പോയതിന്റെ വിശദീകരണമാണു ആരോഗ്യ വകുപ്പ് തേടുന്നത്. ഇറ്റലി സംഘമെത്തിയ വിമാനത്തിൽ യാത്ര ചെയ്ത  ലണ്ടനിൽ നിന്നുള്ള യുവാവും ഇറ്റലിയിൽ നിന്നുള്ള മറ്റൊരു കുടുംബവും പരിശോധന കൂടാതെ വിമാനത്താവളം വിട്ടിരുന്നു. റാന്നിയിൽ രോഗം സ്ഥിരീകരിച്ചതോടെ ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.