കോറോണയെക്കുറിച്ച് യുണിസെഫിന്റെ പേരിലുള്ള വ്യാജ നോട്ടീസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നോട്ടീസ് ബോർഡിൽ

single-img
9 March 2020

കൊറോണ പടർന്നുപിടിക്കുന്നതിനോടൊപ്പം തന്റെ പ്രചരിക്കുന്ന മറ്റൊന്നാണ് വ്യാജസന്ദേശങ്ങൾ. ഡോക്ടർമാരുടെ പേരിലും ആരോഗ്യമന്ത്രിയുടെ പേരിലുമെല്ലാം അശാസ്ത്രീയതയും വിഡ്ഢിത്തങ്ങളും പടച്ചുവിടുന്നവരുടെ എണ്ണം കൂടിവരികയാണ്.

എന്നാൽ ഇത്തവണ വ്യാജ നോട്ടീസ് പ്രത്യക്ഷപ്പെട്ടത് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലാണ്. ഐഐഎസ്സിയിലെ ഹോസ്റ്റലിന്റെ നോട്ടീസ് ബോർഡിലാണ് ഹോസ്റ്റലിന്റെ ലെറ്റർ പാഡിൽ പ്രിന്റ് ചെയ്ത നിലയിൽ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. യുണിസെഫ് എന്ന തലക്കെട്ടിലാണ് കൊറോണബാധ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതരത്തിലുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത്.

ഇതിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ വിദ്യാർഥികൾ പരാതി നൽകുകയും തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ഈ നോട്ടീസ് തങ്ങൾ ഇട്ടതല്ല എന്ന് വിശദീകരണക്കുറിപ്പ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ ഇടുകയും, ചെയ്തിട്ടുണ്ട്.

A notice with totally erroneous information in the letterhead of Students Hostel was found on the notice boards of mess…

Posted by Rohit Ramakrishnan on Monday, March 9, 2020
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷക വിദ്യാർഥിയായ രോഹിത് രാമകൃഷ്ണൻ ഷെയർ ചെയ്ത പോസ്റ്റ്

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് യുണിസെഫ് ( United Nations Children’s Fund ). ആരോഗ്യസംബന്ധിയായ കാര്യങ്ങളിൽ പോസ്റ്റുകൾ ഇടാനുള്ള അധികാരം ഇവർക്കില്ല. ലോകാരോഗ്യ സംഘടനയാണ് (WHO) ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന സംഘടന. മാത്രമല്ല വൈറസിന്റെ വലിപ്പം 500 മൈക്രോൺ (.5 മില്ലിമീറ്റർ) എന്നൊക്കെയുള്ള വിഡ്ഢിത്തങ്ങൾ നിറഞ്ഞ ഈ പോസ്റ്റ് ഏതോ വ്യാജകേന്ദ്രങ്ങളിൽ നിർമ്മിച്ചതാണെന്നത് ഇതിനെക്കുറിച്ച് ധാരണയുള്ള ആർക്കും മനസിലാകുന്ന കാര്യമാണ്.

ഈ വിഷയത്തിൽ ആരോഗ്യവകുപ്പും സർക്കാരും ഔദ്യോഗികമായി പറയുന്ന കാര്യങ്ങൾ മാത്രം ഫോളോ ചെയ്യുക എന്നത് മാത്രമാണ് സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്ന കാര്യം.