ഇറ്റലിയിൽ നിന്നും വന്നവർ പറയുന്നത് കള്ളം; അവർ കള്ളം പറഞ്ഞ് മരുന്ന് വാങ്ങി: ആംബുലൻസു വേണ്ട സ്വന്തം വാഹനത്തിൽ വരാമെന്നു പറഞ്ഞു: വെളിപ്പെടുത്തി കലക്ടർ

single-img
9 March 2020

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികൾ കൊറോണ രോഗ ലക്ഷണം മറച്ചുവച്ചിരുന്നില്ല എന്ന വാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോളോ വാങ്ങിയിരുന്നുവെന്നും ഇത് കണ്ടെത്തി ആരോഗ്യ വകുപ്പ് രണ്ടാമതും ബന്ധപ്പെടുകയായിരുന്നുവെന്നും കലക്ടർ പറഞ്ഞു. അപ്പോൾ മാത്രമാണ്. രോഗലക്ഷണങ്ങളുണ്ടെന്ന് കുടുംബം സമ്മതിച്ചത്. 

വിമാനത്താവളത്തില്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും രോഗ വിവരം മറച്ചുവച്ചില്ല എന്നുമായിരുന്നു മൂന്നംഗ കുടുംബത്തിലെ മകന്‍ പറഞ്ഞത്.’ഇവര്‍ 29ന് കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നതാണ്. ആറാം തീയതിയാണ് ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധു അസുഖ ബാധിതനായതിന് ശേഷം ഞങ്ങള്‍ ലിങ്ക് കണ്ടെത്തി ബന്ധപ്പെട്ടു. പിഎച്ച്‌സി ഉദ്യോഗസ്ഥര്‍ വിളിച്ച് സംസാരിച്ചപ്പോഴും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന് മരുന്നുവാങ്ങാനാണ് പോയതെന്നാണ് ഇവര്‍ പറഞ്ഞത്. പക്ഷേ ആശുപത്രിയില്‍ നിന്ന് ഡോളോ വാങ്ങിയിരുന്നു. ഇത് കണ്ടെത്തി വീണ്ടും പിഎച്ച്‌സി ഡയറക്ടര്‍ ബന്ധപ്പെട്ടു. ഡോളോ വാങ്ങിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ശരിയാണ് പനിയുണ്ട്, തൊണ്ടവേദനയുണ്ടെന്ന് ഇയാള്‍ സമ്മതിക്കുന്നത്.’- കലക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഇറ്റലി ഏറ്റവും രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ്. ഇത്രയും വിഷയം നടന്നിട്ട്, മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ജില്ലാ ഭരണകൂടത്തെയോ  ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെയോ ബന്ധപ്പെട്ടിരുന്നെങ്കില്‍ ഇത്രയും വ്യാപിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും കലക്ടർ ചൂണ്ടിക്കാട്ടി. എന്നിട്ടും ആംബുലന്‍സില്‍ വരാന്‍ തയ്യാറായില്ല. സ്വന്തം വാഹനത്തില്‍ വരാനാണ് അവര്‍ തയ്യാറായതെന്നും കലക്ടർ ആരോപിച്ചു. 

ഇതിനെപ്പറ്റി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള സമയമല്ലിത്. ഈ അവസ്ഥ ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വൈറസ് സ്ഥിരീകരിച്ച് ഐസൊലേഷനിലുള്ള പത്ത് പേരില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും കലക്ടർ അറിയിച്ചു.  പ്രായമായവരെയാണ് മാറ്റുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാലും മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നേയുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി. ഇവരുമായി ബന്ധപ്പെട്ട 100ശതമാനം ആളുകളെയും കണ്ടെത്തും. കല്യാണങ്ങളും ആഘോഷങ്ങളും പതിനഞ്ച് ദിവസത്തേക്കെങ്കിലും നീട്ടിവയ്ക്കു. നിര്‍ബന്ധമാണെങ്കില്‍ ചടങ്ങുകള്‍ മാത്രം നടത്താവുള്ളുവെന്നും  കലക്ടർ അഭ്യര്‍ത്ഥിച്ചു.