സംസ്ഥാനത്ത് മൂന്നു വയസ്സുള്ള കുട്ടിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു: കുടുംബം എത്തിയത് ഇറ്റലിയിൽ നിന്നും

single-img
9 March 2020

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നു കൊച്ചിയില്‍ എത്തിയ മൂന്നു വയസുള്ള കുട്ടിക്കാണ് രോഗബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 

 ശനിയാഴ്ചയാണ് ഈ കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. ദുബൈ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. കുട്ടിയുമായി അടുത്ത് ഇടപഴകിയ മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

കൊറോണ ബാധിച്ച അഞ്ച് റാന്നി സ്വദേശികള്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചുവീതവും കോട്ടയത്ത് മൂന്നുപേരുമാണ് ഐസലേഷനില്‍ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ഇടപഴകിയ തൃശൂര്‍ ജില്ലയിലെ 11പേര്‍ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം നടത്തിയ 150പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 58പേര്‍ വളരെ അടുത്ത് ഇടപഴകിയവരാണ്. കൂടുതല്‍ പേരെ കണ്ടെത്താനുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.