തലസ്ഥാനത്ത് വീണ്ടും മദ്യലഹരിയിൽ കാറോടിച്ച് അപകടം: കുടുംബം പുലർത്താൻ കൂലിപ്പണിക്കിറങ്ങിയ തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു

single-img
8 March 2020

മദ്യലഹരിയിൽ കാറോടിച്ച യുവാവ് ഒരു തൊഴിലാളിയുടെ ജീവനെടുത്തു. അമിതവേഗത്തിലോടിച്ച കാർ പാഞ്ഞുകയറി ബിഎസ്എൻഎൽ കേബിൾ നന്നാക്കിക്കൊണ്ടിരുന്ന തൊഴിലാളിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇറയാംകോട് സ്വദേശി ജോൺ ഫ്രെഡോയാ(35)ണ് കഴിഞ്ഞ ദിവസം അതിദാരുണമായി  മരിച്ചത്. 

കാറോടിച്ചിരുന്ന അമ്പലംമുക്ക് സ്വദേശി അജയഘോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് പറഞ്ഞു. റോഡിലെ കുഴിയിലിറങ്ങി ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജോൺ. കൂടെയുണ്ടായിരുന്നവർ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. എന്നാൽ, കുഴിയിലായിരുന്നതിനാൽ ജോണിന് ഓടിമാറാനായില്ല. 

തിരുവനന്തപുരം അമ്പലംമുക്ക് ജങ്‌ഷനിലെ കുരിശ്ശടിക്കു സമീപം ശനിയാഴ്ച രാത്രി 10.45-നാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് അറ്റകുറ്റപ്പണി നടക്കുന്നിടത്തേക്ക്‌ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റോഡിൻ്റെ കൈവരിയിൽ ഇടിച്ചുകയറിയാണ് കാർ നിന്നത്.

അപകടം നടന്ന സ്ഥലത്തിനു സമീപമായി പോലീസ് കൺട്രോൾ റൂം വാഹനമുണ്ടായിരുന്നു. പരിക്കേറ്റ ജോൺ ഫെഡ്രോയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരൂർക്കട പോലീസ്‌ സംഭവത്തിൽ കേസെടുത്തു.

കേബിൾ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പേരൂർക്കട ഭാഗത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള റോഡ് അടച്ചിരിക്കുകയായിരുന്നു. ബാരിക്കേഡും ലൈറ്റും വച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് കേബിളിൻ്റെ കേടുപാട് തീർക്കാനുള്ള ജോലികൾ കരാർ ജീവനക്കാർ നടത്തിയത്. തൊഴിലാളികൾക്കൊപ്പം ബിഎസ്എൻഎൽ. ഉദ്യോഗസ്ഥരും ടിആർഡിസിഎൽ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

തിരുവനന്തപുരം നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർ രാത്രികാലങ്ങളിലുണ്ടാക്കുന്ന അപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. പോലീസ് വാഹനപരിശോധന കാര്യക്ഷമമാക്കാത്തതാണ് അപകടങ്ങൾക്കു കാരണമെന്ന പൊതുജനാഭിപ്രായം ഉയർന്നിട്ടുണ്ട്.