ചാണകം വിശുദ്ധ സംഗതിയല്ല എന്നറിയാമായിരുന്നിട്ടും അതിനുവേണ്ടി വാദിച്ചു വാദിച്ചു നാണം കെട്ടു: തിരിച്ചറിവുമായി സംഘപരിവാർ സഹയാത്രികൻ

single-img
8 March 2020

സംസ്ഥാനത്തെ ബിജെപി- ആർഎസ്എസ് സംഘടനകൾക്കുള്ളിൽ ആഭ്യന്തര യുദ്ധം ശക്തിയാർജ്ജിക്കുന്നു. ഡല്‍ഹി കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ കഴിഞ്ഞദിവസം ദിവസം രണ്ടു മലയാളം ചാനലുകൾക്ക്  വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ ഒന്നരയ്ക്കും മീഡിയാ വണ്ണിൻ്റേത് രാവിലെ ഒന്‍പതരയ്ക്കും നീക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്നാണ് സംസ്ഥാനത്തെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. 

 കേന്ദ്ര സർക്കാരിൻ്റെ ഈ നടപടിക്കെതിരെ സംഘപരിവാർ അനുയായികളിൽ നിന്നും വൻ വിമർശനമാണ് ഉയരുന്നത്. മാധ്യമവിലക്ക് ഒരു നാടകമായിരുന്നുവെന്ന ആരോപണവും സംഘപരിവാർ സംഘടനകൾക്കിടയിൽ ഉയർന്നുകഴിഞ്ഞു. പ്രധാനമായും കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ലക്ഷ്യം വച്ചാണ് ആരോപണപങ്ങൾ ഉയരുന്നത്. ഇതിനു പിന്നിൽ കൃഷ്ണദാസ് പക്ഷമാണെന്ന് മറുവിഭാഗം ആരോപിക്കുന്നുണ്ട്. 

സംഘപരിവാർ സഹായാത്രമികനും മുതിർന്ന മാധ്യമപ്രവർത്തകനുമായ റെജികുമാർ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പിലിട്ട കമൻ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മതവിശ്വാസം ഇല്ലാതിരുന്നിട്ടും മതത്തിനും വിശ്വാസത്തിനും വേണ്ടി പലരുമായും തല്ലുണ്ടാക്കിയെന്നും ചാണകം വിശുദ്ധ സംഗതിയല്ല എന്നറിയാമായിരുന്നിട്ടും അതിനുവേണ്ടി വാദിച്ചു വാദിച്ചു നാണം കെട്ടുവെന്നും റെജികുമാർ കമൻ്റിൽ പറയുന്നു. 

കമൻ്റിൻ്റെ പൂർണ്ണരൂപം: 

സംഘടനാ തത്വങ്ങൾ വിശദീകരിച്ച് എത്രയോ നല്ല സുഹൃത്തുക്കളെ ഇല്ലാതാക്കി. മതവിശ്വാസം ഇല്ലാതിരുന്നിട്ടും മതത്തിനും വിശ്വാസത്തിനും വേണ്ടി പലരുമായും തല്ലുണ്ടാക്കി. ചാണകം വിശുദ്ധ സംഗതിയല്ല എന്ന് അറിയാമായിരുന്നിട്ടും അതിനുവേണ്ടി വാദിച്ചു വാദിച്ചു നാണം കെട്ടു. പാർട്ടിയിൽ ഗ്രൂപ്പില്ല എന്നു പറഞ്ഞു പറഞ്ഞു സ്വയം അപഹാസ്യനായി. മോദി സർക്കാർ ഡാ എന്നു നെഞ്ചുവിരിച്ചു നിന്ന് അപഹാസ്യനായി?. വ്യക്തിപരമായും കരിയറിലും നഷ്ടങ്ങൾ ഒരുപാടുണ്ട്. സാരമില്ല കോട്ടയം പുഷ്പനാഥ് നോവലുകൾ വീണ്ടും പുറത്തിറക്കുന്നുണ്ട്. ഇനിയും ഈ പണിക്ക് നിൽക്കാതെ ആ നേരത്ത് അവയെല്ലാം വരുത്തി വായിക്കാൻ തീരുമാനിച്ചു. 
ഇതിൻ്റെ സ്ക്രീൻ ഷോട്ടെടുത്ത് ഉപയോഗിക്കാവുന്നതാണ്. പറഞ്ഞില്ലെങ്കിലും എടുക്കും എന്നറിയാമെങ്കിലും പറഞ്ഞതുകൊണ്ടാണ് എടുക്കുന്നതെന്ന് എനിക്കു സമാധാനിക്കാമല്ലോ. 

മുൻ സംസ്ഥാന ഡിജിപി നിലവിൽ സംഘപരിവാർ സഹയാത്രികനുമായ ടി പി സെൻകുമാർ ആണ് മാധ്യമ വിലക്ക് നീക്കിയ നടപടിയെ വിമർശിച്ച് ആദ്യമെത്തിയത്. മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ആറു മണിക്കൂറായി കുറഞ്ഞതെങ്ങനെ എന്ന ചോദ്യമാണ് ടി പി സെൻകുമാർ ഉന്നയിച്ചത്. സംഘപരിവാർ- ബിജെപി പ്രവർത്തകർക്ക് എന്തിന് നാണക്കേടുണ്ടാക്കിയെന്നും സെൻകുമാർ ചോദിച്ചിരുന്നു. സെൽ കുമാറിൻറെ ചോദ്യം തന്നെയാണ് സോഷ്യൽ മീഡിയയിൽ പല ബിജെപി അനുഭാവികളും ഉയർത്തിക്കാട്ടിയത്.