വനിതാ ദിന നഷ്ടം; ഇന്ത്യയെ കീഴടക്കി ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

single-img
8 March 2020

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ നടന്ന ഫൈനലിൽ വനിതകളുടെ ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്. ശക്തമായ വെല്ലുവിളി ഉയർത്തിയ ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ കിരീടം നേടിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. പിന്നീട് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.1 ഓവറില്‍ 99 ഓവറില്‍ എല്ലാവരും പുറത്തായി. ഓസീസ് നിരയിൽ മൂന്ന് വിക്കറ്റ് വീതം നേടിയ മേഗന്‍ ഷട്ട്, ജെസ് ജോനസെന്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. ഓസീസ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി. മികച്ച ഫോമിലുണ്ടായിരുന്ന ഷെഫാലി വര്‍മ (2), ജമീമ റോഡ്രിഗസ് (0) എന്നിവര്‍ ആദ്യ രണ്ട് ഓവറിനിടെ മടങ്ങി.

പിന്നാലെ വന്ന സ്മൃതി മന്ഥാന (11), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. ഈ സമയം താനിയ ഭാട്ടിയ (2) പരിക്കേറ്റ് പിന്‍വാങ്ങുകയും ചെയ്തു. മത്സരത്തിൽ 33 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്തിക്ക് പുറമെ വേദ കൃഷ്ണമൂര്‍ത്തി (19), റിച്ച ഘോഷ് (18) എന്നിവര്‍ പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറിനടുത്തെങ്കിലും എത്തിച്ചത്.

കളിയുടെ തുടക്കത്തിൽ അലിസ ഹീലി (39 പന്തില്‍ 75), ബേത് മൂണി (54 പന്തില്‍ 78) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിനായി ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗളിങ്ൽ രണ്ട് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ദീപിതിക്ക് പുറമെ പൂനം യാദവ്, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.