പൗരത്വവിരുദ്ധ സമരക്കാരുടെ ബാനര്‍ സ്ഥാപിച്ചു; യുപി സര്‍ക്കാരിനെതിരെ ഹൈക്കോടതി

single-img
8 March 2020


ലഖ്‌നൗ: പൗരത്വഭേദഗതി വിരുദ്ധ സമരക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ സര്‍ക്കാര്‍ വെച്ചതിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പൗരത്വഭേദഗതി വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ അക്രമസംഭവങ്ങളിലെ പ്രതികളാക്കി ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുത്ത കോടതി മൂന്ന് മണിക്ക് മുമ്പായി ബാനറുകള്‍ സര്‍ക്കാര്‍ തന്നെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍,ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പൊതുമുതല്‍ നശിപ്പിച്ചതായി ആരോപിച്ച് നഷ്ടപരിഹാരം ഈടാക്കുമെന്ന് അറിയിച്ചാണ് ഇവരുടെ ചിത്രങ്ങള്‍ പതിച്ച് ബാനര്‍ സ്ഥാപിച്ചത്. 60 പ്രതിഷേധക്കാരുടെ ചിത്രവും വിശദവിവരങ്ങളും ലഖ്‌നൗ സിറ്റിയില്‍ വ്യാപകമായി സ്ഥാപിക്കുകയായിരുന്നു. ഈ നടപടി അങ്ങേയറ്റം നീതികേടാണെന്ന് അറിയിച്ച കോടതി വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി