കള്ളത്തരങ്ങൾ പറയരുത്, മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാണ്: സെൻകുമാറിന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

single-img
8 March 2020

കൊറോണ  രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന്  ടി പി സെന്‍കുമാറിനോട് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മുന്നറിയിപ്പ്. മാധ്യമപ്രവര്‍ത്തകര്‍ ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വ്യാപിക്കില്ലെന്ന ടി പി സെന്‍കുമാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. 

Support Evartha to Save Independent journalism

ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടി പി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങരുതെന്നും ടി പി സെന്‍കുമാറിനെ ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. 

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. ‘കോവിഡ് 19 വൈറസ് 27 ഡിഗ്രി സെന്റീഗ്രേഡ് വരയേ നിലനില്‍ക്കു. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റീഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. ഒരു കോവിഡ് 19നും എത്തില്ല’ – സെൻകുമാർ പറഞ്ഞിരുന്നു.