കൊറോണ: അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി

single-img
8 March 2020

കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും രോഗബാധിത രാജ്യങ്ങളില്‍നിന്ന് വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായോ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോഴും പല ലോക രാജ്യങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ കേരളത്തിലേക്ക് രോഗ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാമെന്നും ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയോടെയാണ് പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്‌. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.