അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയ കൊറോണ രോഗബാധിതർ ഒരാഴ്ച കറങ്ങി നടന്നത് കേരളത്തിലെ വിവിധ ജില്ലകളിൽ

single-img
8 March 2020

ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ചയാണെന്നുറിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. 

കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. 

ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും. ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.  ഇറ്റലിയില്‍ നിന്നും വന്ന പ്രവാസി കുടുംബത്തിന്‍റെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഇവര്‍ക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നണ് റിപ്പോർട്ടുകൾ. 

വിമാനത്താവളത്തില്‍ വച്ചു തന്നെ പ്രവാസികുടുംബം പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ തുറന്നടിച്ചു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ- മന്ത്രി പറഞ്ഞു. 

ഫെബ്രുവരി 29-ന് ഇവര്‍ കേരളത്തിലെത്തിയ ശേഷം മാര്‍ച്ച് ആറാം തീയതി ആശുപത്രിയില്‍ അഡ്മിറ്റാവും വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്തും. ഇവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില കണ്ടെത്താനും എട്ട് ടീമുകളെ ചുമതലപ്പെടുത്തി. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും. 

ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും സാധിക്കും എന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. 

എന്നാല്‍ പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. രാത്രി തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്ന് അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്തു. 

ഫെബ്രുവരി 29 നാണ് രോഗബാധിതര്‍ ഇറ്റലി സന്ദര്‍ശനത്തിന് ശേഷം ദോഹ വഴി കൊച്ചിയിലെത്തിയത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ തന്നെ ക്യൂആര്‍ 514 നമ്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യകാറില്‍ വീട്ടിലേക്ക് പോയി. ഈ വിമാനത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. 

കുടുംബം കൊച്ചിയിലെത്തിയ വിമാനത്തില്‍ 82 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇറ്റലി അടക്കം കൊറോണ രൂക്ഷമായി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ പോയിട്ട് മടങ്ങിവരുന്നവര്‍ ഉറപ്പായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇല്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.