ചുമയും പനിയുമുള്ളവർ പൊങ്കാലയ്ക്ക് എത്തരുത്, വിദേശികൾക്ക് താമസിക്കുന്ന ഹോട്ടലിൽ പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കും: അതീവ സുരക്ഷാ നിയന്ത്രണവുമായി ആരോഗ്യവകുപ്പ്

single-img
8 March 2020

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ  നാളെ നടക്കേണ്ട ആറ്റുകാൽ പൊങ്കാലയ്ക്ക് കർശന ജാഗ്രതയുമായി കേരള സർക്കാർ.  ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇത്രയും ആളുകൾ ഒത്തുകൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ടെന്നും അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത്  രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പൊങ്കാലക്ക് ചുമയും പനിയും ഉള്ളവര്‍ വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, വിദേശികളെ പ്രത്യേകം നിരീക്ഷിക്കും. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്. 

മാത്രമല്ല 23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി  നിയോഗിച്ചിട്ടുണ്ട്. 18 ആംബുലൻസ് ബൈക്ക് അംബുലൻസുകൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ഭാഷകളിൽ അനൗൺസുമെന്‍റുകൾ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിൽ ഭക്തർ പിടിക്കുന്ന സ്ഥലങ്ങൾ അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും.