രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവര്‍ വീടുകളില്‍ പൊങ്കാലയിടണം; കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

single-img
8 March 2020

കേരളത്തിൽ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, തലസ്ഥാനത്തെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. വളരെ നാളുകളായുള്ള ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവര്‍ മാറിനിൽക്കുകയോ വീട്ടില്‍ തന്നെ പൊങ്കാലയിടുകയോ ചെയ്യണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതുപോലെ തന്നെ പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ല.

പൊങ്കാലയിൽ പങ്കെടുക്കാൻ എത്തിയ വിദേശികൾക്ക് ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കെകെ ശൈലജ അറിയിച്ചു. പൊങ്കാല ഇടാനായി എത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രത്തിന്റെ പരിസരങ്ങളും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കും.

വിവിധ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകും. പൊങ്കാലയ്ക്ക് ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. നാളെ രാവിലെ 10.20 അടുപ്പുവെട്ടോടെയാണ് പൊങ്കാലക്ക് തുടക്കമാകുന്നത്.