വനിതാ ദിനത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത് 24 വനിതാ കമാൻഡോകൾ

single-img
8 March 2020

അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് കേരളാ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ചത് വനിതാ കമാൻഡോകളെ. അരീക്കോട് നിന്നുള്ള തീവ്രവാദ വിരുദ്ധ സേനയിലെ 24 പേരായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിച്ചത്. സംസ്ഥാന പോലീസിന്റെ വനിതാ കമാന്റോകളായിരുന്നു വനിതാ ദിനത്തിൽ മുഖ്യമന്ത്രിയെ അകമ്പടി സേവിച്ചത്. അരീക്കോട് നിന്നും എത്തിയ 10 പേർ പുലർച്ചെ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തു.

എറണാകുളം ആലുവ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ മുറിയുടെ പുറത്തും അകമ്പടി വാഹനത്തിലും വനിതാ കമാൻഡോകൾക്ക് ആയിരുന്നു ഡ്യൂട്ടി. സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഗേളി സി എസിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ സംഘം.

വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ന് പത്ത് പേർ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലും നാലുപേർ സെക്രട്ടറിയേറ്റിലും ആണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. അതേപോലെ സബ് ഇൻസ്പെക്ടർ ജെർട്ടീന ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പൈലറ്റ്വാഹനത്തിലുണ്ടായിരുന്നത്.