ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു: ഓർമ്മയായത് ചവറയിലെ ആദ്യത്തെ ആർ എസ് പി ഇതര എംഎൽഎ

single-img
8 March 2020

ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. 69 വയസായിരുന്നു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചാണ് 2016 ല്‍ നിയമസഭയില്‍ എത്തുന്നത്. നാളെ വീട്ടുവളപ്പിലാണ് ശവസംസ്‌കാരം. സുമാ ദേവിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. 

ആര്‍എസ്പി ബേബി ജോണ്‍ വിഭാഗത്തിലൂടെയാണ് വിജയൻ പിള്ള രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നുത്. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ഒപ്പം പോകാന്‍ വിജയന്‍ പിള്ള ഒരുങ്ങിയില്ല. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.  പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിടുകയും തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനാകുകയുമായിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിമാറി. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആര്‍ എസ് പി ഇതര എം എല്‍ എ ആണ് എന്‍. വിജയന്‍ പിള്ള.