സ്വന്തം ജനനരേഖ ഇല്ലാത്ത ഞാന്‍ എങ്ങിനെ പിതാവിന്റെ ജനനരേഖ ഹാജരാക്കും; താൻ മരിക്കണമെന്നാണോ നിയമം ആവശ്യപ്പെടുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി

single-img
8 March 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ അവരുടെ മാതാപിതാക്കളുടെ വരെ ജനനരേഖ ഹാജരാക്കാന്‍ പറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ജനനസര്‍ട്ടിഫിക്കറ്റില്ല.

“ഞാന്‍ ജനിച്ച ഗ്രാമത്തില്‍ ആസമയം ആശുപത്രിയും ഇല്ല. ഞാൻ ഒരു പൗരനാണോ എന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത ഞാന്‍ എങ്ങനെയാണ് പിതാവിന്റെ ജനനരേഖ ഹാജരാക്കുന്നത്. പൗരൻ തെളിവ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ പോയി മരിക്കണമെന്നാണോ നിയമം ആവശ്യപ്പെടുന്നതെന്നും ചന്ദ്രശേഖര്‍ റാവു ചോദിച്ചു.

സാമ്പത്തികമായി ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടില്ലാത്തവരായിരുന്നു ഞങ്ങളുടെ കുടുംബം. എന്നിട്ടുപോലും രേഖകള്‍ ഇല്ല. ഇതാണ് അവസ്ഥ എങ്കിൽ പിന്നെ സമൂഹത്തിലെ പിന്നാക്കക്കാരുടെ അവസ്ഥയെന്താകുമെന്ന് ഊഹിക്കാവുന്നതല്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങൾക്ക് പൗരത്വ രേഖയല്ല വേണ്ടത്, പകരം ദേശീയ തിരിച്ചറിയല്‍ രേഖയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.