അക്ഷയ കേന്ദ്രങ്ങളെ തകര്‍ക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക; അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് സമരം ആറാം ദിനത്തിലേക്ക്

single-img
8 March 2020

ഉള്ളൂര്‍: കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഐ.ടി മിഷന് മുന്നില്‍ അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (സി.ഐ.ടി.യു) ആരംഭിച്ച അനിശ്ചിതകാല സമരം ആറാം ദിവസത്തിലേയ്ക്ക് കടന്നു.ആലപ്പുഴ – കോട്ടയം ജില്ലകളിലെ സംരംഭകര്‍ പങ്കെടുത്ത അഞ്ചാം ദിവസത്തെ സത്യാഗ്രഹ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്തു.

അക്ഷയ പദ്ധതിയെ തകര്‍ക്കുന്ന ഗവണ്മെന്റ് ഉത്തരവില്‍ ഭേദഗതി വരുത്തുക. നിലവിലുള്ള ഉത്തരവില്‍ ഭേദഗതി വരുത്തിയതിന് ശേഷം മാത്രം അക്ഷയ സംരംഭകരുടെ കരാര്‍ പുതുക്കല്‍ പ്രക്രിയ ആരംഭിക്കുക. ഉത്തരവില്‍ ഭേദഗതി വരുത്തുന്നത് വരെ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തി വരുന്ന എല്ലാ നടപടി ക്രമങ്ങളും നിര്‍ത്തി വെക്കുക. അക്ഷയ കേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജ് പുതുക്കി നിശ്ചയിക്കുക. സി.എസ്.സി 2.0 ഗൈഡ്ലൈന്‍സ് നടപ്പിലാക്കുക, ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പ്രാവര്‍ത്തികമാക്കുക. അനധികൃത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുക. സംസ്ഥാന പ്രൊജക്ട് ഓഫീസിന്റെ സംരംഭകത്വ വിരുദ്ധ നിലപാടും കുത്തഴിഞ്ഞ പ്രവര്‍ത്തന രീതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.