യോഗയിലൂടെ കൊറോണയെ അകറ്റാം; യോഗി ആദിത്യനാഥിന്റെ പ്രസംഗം ചൈനയിലെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

single-img
7 March 2020

ലോകമാകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് ബാധയെ യോഗയിലൂടെ മാറ്റാമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗം ചൈനയിൽ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. കഴിഞ്ഞ മാസത്തിൽ ഉത്തരാഖണ്ഡിലെ റിഷികേശില്‍ കഴിഞ്ഞ ദിവസം യോഗ മഹോത്സവ് നടക്കുന്നതിനിടെയായിരുന്നു യോഗിയുടെ പ്രസംഗം.

ലോകമാകെ പടരുന്ന കൊറോണ വൈറസ് അടക്കമുള്ള മാരക രോഗങ്ങളെ സുഖപ്പെടുത്താന്‍ യോഗയ്ക്ക കഴിയുമെന്നായിരുന്നു ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത യോഗിയുടെ പ്രസ്താവന. ‘ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം ആഴത്തില്‍ മനസിലാക്കണം. യോഗ ശീലമാക്കുന്നതിലൂടെ നേടാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

ഇവിടെ ശാരീരികവും മാനസികവുമായ രോഗാവസ്ഥകളോട് യുദ്ധം ചെയ്യുകയാണ് ലോകം. യോഗ ചെയ്യുന്ന സഹായത്തോടെ പ്രമേഹം, ഹൃദയാഘാതം, വൃക്ക തകരാറ്, കരള്‍ തകരാറിലാവല്‍, എന്തിന് കൊറോണ വരെ സുഖപ്പെടുത്താന്‍ യോഗയ്ക്ക് കഴിയും,’ അദ്ദേഹം പറഞ്ഞു. ഇതുവരെ ദശലക്ഷക്കണക്കിനാളുകളാണ് ആദിത്യനാഥ് പ്രസംഗിക്കുന്ന വീഡിയോ കണ്ടത്.