യെസ് ബാങ്ക് പ്രതിസന്ധി; ഫോണ്‍ പേ സേവനങ്ങളെ ബാധിക്കുന്നു, അടിയന്തര സഹായം നല്‍കാനൊരുങ്ങി റിസര്‍വ് ബാങ്ക്

single-img
7 March 2020

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുന്നുന്ന സാഹചര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിടുന്നത്് ബാങ്കിങ് മേഖലയാണ്. അക്കൂട്ടത്തില്‍ യെസ് ബാങ്കിന് മേലുള്ള റിസര്‍വ് ബാങ്ക് നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന് മൊറോട്ടോറിയം ഏര്‍പ്പെടുത്തിയത്.നിക്ഷേപകര്‍ക്ക് ഒരു മാസത്തേക്ക് അമ്പതിനായിരം രൂപ മാത്രമേ യെസ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകുകയുള്ളു.

ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെയും പിരിച്ചുവിട്ടായിരുന്നു റിസര്‍വ് ബാങ്കിന്റെ നടപടി. ഇക്കാലയളവില്‍ വായ്പകള്‍ അനുവദിക്കുക, നിക്ഷേപം നടത്തുക, ഏതെങ്കിലും തരത്തിലുള്ള ബാധ്യത വരുത്തുക, ഏതെങ്കിലും പേയ്‌മെന്റ് വിതരണം ചെയ്യാന്‍ സമ്മതിക്കുക തുടങ്ങിയ സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ ബാങ്കിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ പോലും താറുമാറായെന്ന് സാരം.

എന്നാല്‍ ബാങ്കിന്റെ നേരിട്ടുള്ള ഉപഭോക്താക്കളെ മാത്രമല്ല ഈ നടപടി പ്രതിസന്ധിയിലാക്കിയത്.
പേയ് മെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേയുടെ സേവനങ്ങളെ യെസ് ബാങ്ക് പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. യെസ് ബാങ്കുമായി സഹകരിച്ചാണ് ഫോണ്‍ പേ യുപിഐ സേവനങ്ങള്‍ നല്‍കിവന്നിരുന്നത്. ഇന്ത്യയിലെ മുന്‍നിര യുപിഐ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫോണ്‍ പേ. യെസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് ഫോണ്‍ പേ സേവനങ്ങള്‍ തടസപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കളേയാണ് ഇത് ബാധിച്ചത്.

സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ സിഇഓ സമീര്‍ നിഗം പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നത് എങ്കിലും ഇപ്പോഴും ഫോണ്‍ പേ വഴി പണമയക്കാന്‍ സാധിക്കുന്നില്ല. യസ് ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ട്, മേക്ക് മൈ ട്രിപ്പ്, മിന്ത്ര, ജബോങ്, ക്ലിയര്‍ ട്രിപ്പ്, എയര്‍ടെല്‍, സ്വിഗ്ഗി, റെഡ്ബസ്, ഹങ്കര്‍ബോക്സ്, മുദ്ര പേ, ഉഡാന്‍, മൈക്രോസോഫ്റ്റ് കൈസാല, പിവിആര്‍ എന്നീ സേവനങ്ങളും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

പണമില്ലാതെ യെസ് ബാങ്ക് ശാഖകള്‍ പ്രതിസന്ധിയിലായതോടെ റിസര്‍വ് ബാങ്ക് ഇടപെടുന്നു. നിക്ഷേപകരുടെ പരിഭ്രാന്തി പരിഹരിക്കാന്‍ യെസ് ബാങ്കിന് വായ്പയായി 8,000 മുതല്‍ 10,000 കോടി രൂപ വരെ അടിയന്തര സഹായമായി ആര്‍.ബി.ഐ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍.ബി.ഐ ആക്ട് 17 പ്രകാരം ഹ്രസ്വ വായ്പയായിട്ടായിരിക്കും പണം നല്‍കുക. പ്രത്യേക സാഹചര്യം പരിഗണിച്ച് കുറഞ്ഞ പലിശയോടെയായിരിക്കും വായ്പ.യെസ് ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നിയമവശം ആര്‍.ബി.ഐ പരിശോധിച്ചുവരികയാണ്. 49 ശതമാനം ഓഹരി ഏറ്റെടുക്കാനാണ് ആര്‍.ബി.ഐ ആലോചിക്കുന്നതെന്നാണ് വിവരം.

അതേ സമയം യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുനര്‍നിര്‍മാണ പദ്ധതിക്ക് തിങ്കളാഴ്ച്ച തന്നെ നിയമപരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. യെസ് ബാങ്ക് സമാഹരിച്ച അഡീഷണല്‍ ടയര്‍ 1 (എടി 1) മൂലധനം എഴുതിത്തള്ളാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതോടെ വരിക്കാര്‍ കോടതികളെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.