രാമക്ഷേത്ര നിര്‍മ്മാണത്തിന് സ്വന്തം ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കും; ഉദ്ധവ് താക്കറെ

single-img
7 March 2020

ഡല്‍ഹി: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിലേക്കായി ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ. സര്‍ക്കാര്‍ ഫണ്ട് ഇതിനായി ഉപയോഗിക്കില്ല. സ്വന്തം ട്രസ്റ്റില്‍ നിന്നാകും പണം നല്‍കുകയെന്നും താക്കറെ പറഞ്ഞു.അയോധ്യ സന്ദര്‍ശനത്തി നിടെയായിരുന്നു പ്രഖ്യാപനം.

ബാല്‍ താക്കറെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം. എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ ഭാഗമായ ശിവസേന ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന സൂചനകൂടി നല്‍കുന്നതായി രുന്നു ഈ സന്ദര്‍ശനം.

ബിജെപിയുമായിട്ടാണ് വഴിപിരിഞ്ഞത് അല്ലാതെ ഹിന്ദുത്വവുമായിട്ടല്ല. ഹിന്ദുത്വം എന്നാല്‍ ബിജെപി എന്നല്ല. ഹിന്ദുത്വം എന്നാല്‍ വ്യത്യസ്തമായ ഒന്നാണ്. ഞാനൊരിക്കലും അതില്‍ നിന്ന് പിരിഞ്ഞുപോന്നിട്ടില്ല. താക്കറെ വ്യക്തമാക്കി.

ക്ഷേത്ര സന്ദര്‍ശനത്തില്‍ ആരതി ഉഴിയാന്‍ തീരുമാനിച്ചെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. രാമക്ഷേത്ര നിര്‍മാണം എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.ഹിന്ദുത്വ നിലപാടിന്റെ കാര്യത്തില്‍ ശിവസേന വിട്ടുവീഴ്ച ചെയ്യില്ലെന്ന് താക്കറെ നേരത്തെയും വ്യക്തമാക്കിയിരുന്നു.