മീഡിയ വണ്ണിൻ്റേത് വ്യാജവാർത്തയല്ല സർ; മലയാളത്തിലെ പത്തരമാറ്റ് വ്യാജ- കലാപ വാർത്തകൾ ദാ ഇവയാണ്

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 48 മണിക്കൂർ വിലക്ക് നേരിടുകയാണ് മലയാളം ചാനലായ മീഡിയാവൺ. കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏഷ്യനെറ്റ് നയൂസിനേയും മീഡിയവണ്ണിനേയും ഒരുമിച്ചാണ് വിലക്കിയതെങ്കിലും ഇന്നു പലർച്ചേ ഏഷ്യാനെറ്റ് ന്യുസിൻ്റെ വിലക്ക് ഒഴിവാക്കുകയായിരുന്നു. കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. 

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നും മീഡിയ വൺ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

എന്നാൽ യഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന മാധ്യമവാർത്തകൾ അധികാരികളെ ഭയപ്പെടുത്തുന്നുവെന്നുള്ളതാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നുള്ളതാണ് വസ്തുത. കപാപം സൃഷ്ടിക്കാൻ വാർത്ത സൃഷ്ടിക്കുന്ന സംഭവങ്ങൾ കേരളത്തിൽ പുതുമയുള്ള കാര്യമല്ല. അതിനുദാഹരണങ്ങൾ ഏറെയുണ്ട്. ശബരിമലയിൽ സ്ത്രീകൾക്കും ആരാധന സ്വാതന്ത്ര്യം അനുവദിച്ച സുപ്രീം കോടതി വിധി തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. മനുപ്പുർ‌വമായി സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളായിരുന്നു അന്നു നടന്നിരുന്നത്. ശബരിമലയിൽ സഘർഷാവസ്ഥക്ക് അയവു സംഭവിച്ച അവസ്ഥയിൽപ്പോലും വ്യാജ വാർത്തകൾ സൃഷ്ടിച്ച് ഭക്തരിൽ വികാരം ആളികകത്തിക്കുവാനും അതുവഴി കലാപം സൃഷ്ടിക്കുവാനും ചില മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നുള്ള കാര്യം അധികാരികൾ എന്താണ് മനഃപൂർവ്വം മറക്കുന്നത്? 

വ്യാജവാർത്തകളുടെ അടിസ്ഥാനത്തിൽ അന്ന് ശബരിമലയിൽ സ്വന്തം ഇഷ്ടപ്രകാരം ദർശനത്തിനെത്തുന്ന സ്ത്രീകൾ വരെ അക്രമത്തിനിരയായി.  പലർക്കും ശബരിമലയിൽ ദർശനം നടത്താനായില്ല. ശബരിമലയിൽ മാധ്യമഎവിലക്കുണ്ടായിരുന്ന അവസ്ഥയിൽപ്പോലും നുഴഞ്ഞുകയറി പ്രകോപനപരമായ റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമങ്ങളുണ്ട്. ആ വാർത്തകൾ സമൂഹത്തിലുണ്ടാക്കിയ സ്പർദ്ധയും ചെറുതല്ല. എന്നാൽ ആ വാർത്തകൾക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും എന്തു നടപടിയാണ് അധികാരികൾ സ്വീകരിച്ചതെന്നുകൂടി മനസ്സിലാക്കുമ്പോഴാണ് ഇതിനുള്ളിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. കലാപം സൃഷ്ടിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ പ്രചരിച്ച ചില വാർത്തകൾ ഒന്നു പരിശോധിക്കാം. 

  1. നിലയ്ക്കലെ പൊലീസ് നടപടിയിൽ ഭക്തൻ കൊല്ലപ്പെട്ടു

ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസൻ എന്ന ഭക്തൻ മരിച്ചത് നിലയ്ക്കലെ പൊലീസ് നടപടിയിലാണെന്ന വാർത്തയാണ് അതിൽ പ്രധാനം. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്നും തുടർന്ന് അദ്ദേഹത്തിൻ്റെ മൃതദേഹം ലഭിച്ചപ്പോൾ അത് പൊലീസ് നടപടിയുടെ ഭാഗമായി സംഭവിച്ചതാണന്നും വാർത്തകൾ ചില മാധ്യമങ്ങൾ പുറത്തുവിടുകയായിരുന്നു.  നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തീയതികളിലാണ്. എന്നാൽ ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത് 2018 ഒക്ടോബര്‍ 18നു രാവിലെയാണെന്നു മകന്‍ പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 19നു ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്കു ശിവദാസന്‍ വിളിച്ചിരുന്നതായും 25നു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 

പൊലീസ് നടപടിക്കു ശമഷമാണ് അതിനുശേഷമാണു ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്പി സി. നാരായണന്‍ വ്യക്തമാക്കി എസ് പി നാരായണൻ രംഗത്തെത്തുകയായിരുന്നു. . തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അന്ന് എസ് പി പറഞ്ഞിരുന്നു. 

  1. മലകയറാനെത്തിയ രഹന ഫാത്തിമയുടെ ഇരുമുടിയിൽ സാനിറ്ററി നാപ്കിൻ

ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുണ്ട് എന്ന വാർത്ത അതിവേഗമാണ് അന്ന് പ്രചരിച്ചത്. ഒരു മാധ്യമമായിരുന്നു അന്ന് ഈ വാർത്ത നൽകിയതും. ആയിരങ്ങളാണ് അന്ന് ഈ വാർത്ത കണ്ടതും വിശ്വസിച്ചതും.  സാനിറ്ററി നാപ്കിനും ആര്‍ത്തവവും വൃത്തികേടുകളാണ് എന്നും വിശ്വാസത്തെ അവഹേളിക്കാൻ പോന്നവയുമാണ് എന്നും കരുതുന്നവരെ ഞെട്ടിക്കുകയും ചെയ്തു ഈ വാര്‍ത്ത. 

എന്നാൽ ഈ സംഭവത്തെ തള്ളി രഹനാ ഫാത്തിമ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ശബരിമല കയറിയ കനകലത മലയ്ക്കു പോയത് സാനിറ്ററി നാപ്കിനുമായാണെന്നുള്ള വാർത്തയും ഇതേ മാധ്യമം തന്നെ പ്രചരിപ്പിച്ചിരുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ച് സമൂഹത്തിൽ കലാപം സൃഷ്ടിക്കുവാനുള്ള മാധ്യമങ്ങളുടെ യഥാർത്ഥ മുഖമാണ് അന്നത്തെ ആ വാർത്തയോടെ വെളിവായത്. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ബാർക്ക് റേറ്റിംഗിൽ ഏറെ പിന്നിലുള്ള മാധ്യമം രണ്ടാം സ്ഥാനത്തേക്കു വന്നതും അന്ന് കാണാൻ കഴിഞ്ഞു. 

  1. സിപിഎം നേതാവിൻ്റെ മകൾ ശബരിമല ദർശനത്തിനായി യാത്ര തിരിച്ചു

സി.പി.എം മുൻ ആലുവ ഏരിയ കമ്മറ്റിയംഗവും മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായിരുന്ന ശശികലാ റഹീമിൻ്റെ മകൾ മരുമകൾ ശബരിമല ദർശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജവാർത്തയും ഇക്കാലയളവിൽ പ്രചരിച്ചു. മുകളിൽ പറഞ്ഞ സംഭവങ്ങളിൽ വ്യാജവാർത്തകൾ സൃഷ്ടിച്ച മാധ്യമം തന്നെയായിരുന്നു ഇതിനു പിന്നിലും. തുടർന്ന് ശശികല നൽകിയ പരാതിയെ തുടർന്ന് പ്രസ്തുത മാധ്യമത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. .

സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153 പ്രകാരമാണ് അന്ന് കേസെടുത്തത്. ദർശനത്തിന് ശേഷം തിരികെയെത്തുന്ന മരുമകളെ സ്വീകരിക്കാൻ ശശികല പമ്പയിലേക്ക് തിരിച്ചതായും വാർത്തയിൽ ഉണ്ടായിരുന്നു. പിന്നാലെ ശശികലക്ക് നിരവധി ഭീഷണികൾ ഉണ്ടായി. അതിൻ്റെയടിസ്ഥാനത്തിൽ കുടുംബത്തിന് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. 

  1. തലസ്ഥാനത്ത് ബിജെപി സമരപന്തലിന് മുന്നിലെ തീകൊളുത്തി മരണം ശബരിമല വിഷയത്തിൽ

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ എന്നയാൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പ്രമുഖ മാധ്യമത്തിനൊപ്പം ബിജെപി നേതാക്കളും പ്രശ്നം രാഷ്ട്രീയ വത്കരിച്ചു. ഇതിൻ്റെ പേരിൽ ബിജെപി ഹർത്താലും ആഹ്വാനം ചെയ്തിരുന്നു. 

ആത്മഹത്യ ചെയ്തയാൾ കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് പറഞ്ഞിരുന്നു. എന്നാൽ വേണുഗോപാലൻ നായർ ബിജെപി പ്രവർത്തകനാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ വേണുഗോപാലൻ നായരുടെ മരണമൊഴിയിൽ ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ പരാമര്‍ശമില്ലായിരുന്നു. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറഞ്ഞിരുന്നു. ഡോക്ടറും മജിസ്ട്രേറ്റുമാണ് മൊഴി രേഖപ്പെടുത്തിയത്. 

  1. തിരുവല്ല ക്ഷേത്ര നടയിൽ യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത് ശബരിമല വിഷയത്തിൽ

തിരുവല്ല ക്ഷേത്ര നടയിൽ പെട്രോൾ ഒഴിച്ച് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത് ശബരിമല സ്ത്രീ പ്രവേശ വിഷയത്തിലെന്ന് ഒരു മാധ്യമം ഫ്ളാഷ് ന്യൂസ് വിട്ടിരുന്നു. ബിജെപി പ്രവർത്തകനായ മുത്തൂർ ചാലക്കുഴി തേറ്റാണിശേരിൽ രമേശന്റെ മകൻ രമോദരൻ(29) ആണ് ആത്മഹത്യാശ്രമം നടത്തിയത്. എന്നാൽ തിരുവല്ല പൊലീസെത്തിയതോടെ കഥമാറി.  

ഭാര്യ അകന്നുകഴിയുന്ന രമോദരൻ രാവിലെമുതൽ മദ്യപിക്കാൻ തുടങ്ങി. ഉച്ചയോടെ മദ്യപാനം പരിധിവിട്ടു. നേരെ പെട്രോൾവാങ്ങി ക്ഷേത്രനടയിലേക്ക്. കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് നിൽപായി. അവിടെ ഉണ്ടായിരുന്ന ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ച്  ഉടൻ ടിവി വാർത്തയും നൽകുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച ആളെ തേടി ബിജെപി നേതാക്കളും സ്റ്റേഷനിലെത്തിയിരുന്നു. ആത്മഹത്യാശ്രമം കുടുംബ പ്രശ്നത്തിലാണെന്നറിഞ്ഞതോടെ നേതാക്കും മുങ്ങി. ഫ്ളാഷ് ന്യൂസ് നൽകിയ ചാനൽ ആ വാർത്തയും മുക്കി. 

  1. തൃപ്തി ദേശായി ക്രിസ്തുമതം സ്വീകരിച്ചയാൾ

ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വാർത്ത പ്രധാന്യം സൃഷ്ടിച്ചിരുന്നു. ഒരുവിധത്തിലും തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിക്കുകയില്ലെന്നു പറഞ്ഞ് അന്ന് ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ അന്ന് വിമാനത്താവളത്തിനു മുന്നിലെത്തുകയും ചെയ്തു. 

അതിനിടെ തൃപ്തി ദേശായി മൂന്ന് വര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച ആളാണെന്ന രീതിയില്‍ ഒരു മാധ്യമം വാർത്തനൽകി. തൃപ്തിയ്ക്ക് ക്രിസ്ത്യന്‍ മിഷനറിമാരുമായി ബന്ധമുണ്ടെന്ന രീതിയിലും വാർത്ത വന്നിരുന്നു. യഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വാർത്തകളും സമുഹത്തിൽ വലിയ രീതിയിലാണ് വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കിയത്.