സ്ത്രീകൾ തെരുവിലിറങ്ങരുത്, മുഷ്ടി ചുരുട്ടരുത്, മുദ്രാവാക്യം വിളിക്കരുത്: പൗരത്വ നിയമ സമരത്തില്‍ സ്ത്രീകൾക്കു വിലക്കുമായി വനിതാ ലീഗും

single-img
7 March 2020

പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള രാത്രികാല സമരങ്ങളില്‍നിന്ന്‌ വനിതകളെ വിലക്കി വനിതാ ലീഗ്‌ രംഗത്തെത്തി. വൈകിട്ട്‌ ആറിനുശേഷമുള്ള സമരങ്ങളില്‍ വനിതകള്‍ പങ്കെടുക്കരുതെന്ന്‌ വാട്‌സ്‌ ആപ്‌ ഗ്രൂപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ്‌ പോസ്‌റ്റിന്റെ ശബ്‌ദസന്ദേശമാണ് പ്രചരിക്കുന്നത്. 

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നടന്ന ലീഗ്‌ ദേശീയ സെക്രേട്ടറിയറ്റ്‌ യോഗത്തിനുശേഷമാണ്‌ രാത്രികാലങ്ങളിലെ ഷഹീന്‍ബാഗ്‌ മോഡല്‍ സമരങ്ങളില്‍ വനിതകള്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശം നടപ്പിലാക്കിത്തുകങ്ങിയത്. ഇക്കാര്യം അറിയിക്കാന്‍ ലീഗ്‌ നേതൃത്വം നൂര്‍ബീന റഷീദിനെ ചുമതലപ്പെടുത്തുകയായിരുന്നു. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നെന്നു പറഞ്ഞാണ്‌ നൂര്‍ബീനയുടെ ശബ്‌ദസന്ദേശം ആരംഭിക്കുന്നത്. 

മുമ്പ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സ്‌ത്രീകള്‍ തെരുവില്‍ ഇറങ്ങുന്നതിനെതിരേ നേരത്തെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തെത്തിയിരുന്നു. പുരുഷന്മാരെപ്പോലെ മുഷ്‌ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. സമരങ്ങളുമായി ബന്ധപ്പെട്ട്‌ ഇ.കെ വിഭാഗം സമസ്‌തയും മുസ്ലിം സ്‌ത്രീകള്‍ക്കു താക്കീത്‌ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ വനിതാ ലീഗിന്റെ ഇടപെടലുണ്ടായിരിക്കുന്നത്. 

കഴിഞ്ഞ 35 ദിവസമായി എംഎസ്‌എഫ്‌ കോഴിക്കോട്‌ കടപ്പുറത്ത്‌. നടത്തിവരുന്ന ഷഹീന്‍ബാഗ്‌ മോഡല്‍ സമരത്തില്‍ അര്‍ധരാത്രിവരെ സ്‌ത്രീകള്‍ പങ്കെടുക്കുന്നുണ്ട്‌. ഇതാണ്‌ മതനേതാക്കളെ ചൊടിപ്പിച്ചതും വിലക്കാനുമുള്ള കാരണം.