തെറ്റുപറ്റിപ്പോയെന്നു ഏഷ്യാനെറ്റ് ന്യൂസ്, ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ലെന്ന് മീഡിയാ വൺ: നേരോടെ നിർഭയം നിരന്തരമായി നിലപാട് വ്യക്തമാക്കി മീഡിയാ വൺ

single-img
7 March 2020

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യുസ് ചാനലിനേയും മീഡിയാവൺ ചാനലിനേയും  48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്കിയിരുന്നു. കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏഷ്യനെറ്റ് ന്യൂസിനേയും മീഡിയവണ്ണിനേയും ഒരുമിച്ചാണ് വിലക്കിയതെങ്കിലും ഇന്നു പലർച്ചേ ഏഷ്യാനെറ്റ് ന്യുസിൻ്റെ വിലക്ക് ഒഴിവാക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്ന് മധ്യാഹനത്തോടെ മീഡിയവണ്ണിൻ്റെ വിലക്കും നീക്കിയിരുന്നു. 

കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. 

പുലർച്ചേ ഒന്നരയോടെയാണ് വിലക്ക് പിൻവലിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നുവെങ്കിലും വിലക്ക് നീക്കിയത് സ്വമേധയാ ആണോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാാക്കിയിരുന്നില്ല. രാവിലെ ആറു മണി വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരുന്നുവെങ്കിലും അതിലും തങ്ങളേയോ മീഡിയാ വണ്ണിനേയോ വിലക്കിയ കാര്യം ഏഷ്യാനെറ്റ് പറഞ്ഞിരുന്നില്ല. എന്നാൽ താമസിച്ച് വിലക്ക് നീങ്ങിക്കിട്ടിയിട്ടും മീഡിയാ വൺ ചാനൽ സംപ്രേഷണം തുടങ്ങിയപ്പോൾ തന്നെ വിലക്ക് മാറ്റിയത് ബ്രേക്കിംഗായി കൊടുത്തിരുന്നു. മീഡിയാ വണ്ണിൻ്റെ വാർത്ത വന്നതിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യുസും ഇക്കാര്യം സമ്മതിച്ചത്. 

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നും മീഡിയ വൺ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ എന്തുകൊണ്ട് ഏഷ്യാനെറ്റ്‌ രാത്രി തന്നെ തിരികെ വരികയും മീഡിയ വൺ ഇന്നുച്ചയോടെ തിരിച്ചെത്തുകയും ചെയ്തതിൻ്റെ കാരണമന്വേഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഏഷ്യാനെറ്റിനും മീഡിയവണ്ണിനും വിലക്കേർപ്പെടുത്തിയ സംഭവത്തിന് മറ്റു മാധ്യമങ്ങളും അത്രവലിയ പ്രാധാന്യം കൊടുത്തിട്ടില്ലെന്നതും പ്രധാനമാണ്. വിലക്ക് നിലവിൽ വന്നതോടെ രാത്രി തന്നെ ഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ രാജീ്വ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളാണ് ഏഷ്യാനെറ്റിൻ്റെ വിലക്കു നീക്കുന്ന കാര്യത്തിൽ ഫലം കണ്ടതെന്നാണ് സൂചനകൾ. 

രാജീവ് ചന്ദ്രശേഖർ വഴി ഏഷ്യാനെറ്റ് ന്യൂസ് ആഭ്യന്തരമന്ത്രാലയത്തിൽ സ്വാധീനം ചെലുത്തിയാണ് രാത്രി തന്നെ വിലക്ക് നീക്കിയതെന്നാണ് സൂചനകൾ. എന്നാൽ മീഡിയവൺ ഒരിടത്തും സ്വാധീനം ചെലുത്തുകയോ തങ്ങളുടെ വിലക്ക് നീക്കണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും മീഡിയാവൺ അധികൃതർ വിശദീകരിച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് ഏഷ്യാനെറ്റ് നൽകിയ വിദീകരണ കുറിപ്പിൽ ഖേദപ്രകടനമുണ്ടായിരുന്നതായും സൂചനകളുണ്ട്. എന്നാൽ മീഡിയാ വൺ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. 

മാത്രമല്ല മീഡിയവൺ ഈ വിഷയത്തെ സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയിരുന്നു. എന്നാൽ ഏഷ്യാനെറ്റ് തങ്ങൾക്കു വലക്ക് ഏർപ്പെടുത്തിയ വിവരം എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നുള്ളതും മാധ്യമവിലക്ക് വാർത്തകളെ മാറ്റിവായിക്കാൻ പ്രേരിപ്പിക്കുന്ന വസ്തുതയാണ്. ന്യൂസ് 18 കേരളയ്ക്കും ഇതോടൊപ്പം നോട്ടീസ് കൊടുത്തിരുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ  അംബാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിന് യാതൊന്നും സംഭവിച്ചില്ല എന്നുള്ളതും ഇതോെടാപ്പം ചേർത്തു വായിക്കേണ്ടതാണ്. 

മലയാളത്തിലെ പ്രമുഖ പത്രങ്ങളൊക്കെയും ഈ വാർത്ത നൽകിയത് അകത്തെ പേജിലായിരുന്നു. പത്രത്തിനൊപ്പമുള്ള ചാനലുകൾക്ക് വിലക്ക് വീഴുമെന്നുള്ള ഭയമായിരിക്കും ഇതിനുകാരണമെന്നു വ്യക്തം. ദേശാഭിമാനി മാത്രമാണ് ഇതിനൊരപവാദമായി മാറിയതും.