അന്ധര്‍, ബധിരര്‍, മൂകര്‍: കേന്ദ്രസർക്കാർ മാധ്യമങ്ങളെ വിലക്കിയതിനു പിന്നാലെ സ്വന്തം പുസ്തകത്തിൻ്റെ കവർ പങ്കുവച്ച് ടിഡി രാമകൃഷ്ണൻ

single-img
7 March 2020

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം രണ്ടു മലയാളം ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിനു പിന്നാലെ തൻ്റെ പുസ്തകത്തിൻ്റെ കവർ സമുഹമാധ്യമങ്ങളിൽ പങ്കുവച്ച് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ. അദ്ദേഹം രചിച്ച അന്ധർ, ബധിരർ, മൂകർ എന്ന പുസ്തകത്തിൻ്റെ കവറാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 

ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നതിനുശേഷം കശ്മീര്‍ ജനതയിലുണ്ടായ മാറ്റവും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുമാണ് അന്ധര്‍, ബധിരര്‍, മൂകര്‍ എന്ന കൃതിക്ക് ആധാരമാകുന്നതെന്ന് ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഒരു കാശ്മീരി പെണ്‍കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന കാശ്മീരിന്റെ മുഖം വളരെ വികൃതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പുസ്തകത്തിൻ്റെ കവറാണ് അദ്ദേഹം സമുഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നല്‍കിയിരുന്നെന്നും വിവരമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ  വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസുപോലും നല്‍കാതെ നിര്‍ത്തിവെപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.