ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

single-img
7 March 2020

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ക്കാണ് വിലക്ക്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കുവൈത്ത് ഭരണകൂടം നിർദേശം നൽകിയത്.

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര അനുവദിക്കൂവെന്ന ഉത്തരവ് ഇന്നലെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള റിപ്പോട്ടുകള്‍ പുറത്തുവരുന്നത്.