ആറ്റുകാൽ ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ പിക്നിക്കിനു പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്: സെൻകുമാറിൻ്റെ `മണ്ടത്തരത്തിന്´ മറുപടിയുമായി ഷിംന അസീസ്

single-img
7 March 2020

മുന്‍ ഡിജിപിയും നിലവിൽ ബിജെപി നേതാവുമായ ടിപി സെന്‍കുമാറിൻ്റെ പ്രസ്താവനയക്ക് എതിരെ ഡോ. ഷിംന അസീസ്. കൊറോണ കേരളത്തിലെ ചൂടില്‍ വരില്ലെന്ന പ്രസ്താവനയെയാണ് ഡോക്ടര്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നതെന്നും അവർ വ്യക്തമാക്കി. 

Support Evartha to Save Independent journalism

 ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാൻ്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.- ഷിംന അസീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

ഷിംന അസീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

പേരിന് മുന്നില്‍ ‘Dr.’ എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജത്കുമാറിന്റെയുമൊക്കെ ഫാന്‍സ് മനസ്സിലാക്കിയാല്‍ വലിയ ഉപകാരമായിരുന്നു.

Ex-dgp ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോള്‍ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?

ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാല്‍ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?

ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.

തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കുകയുമരുത്.

വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ…

ആളെക്കൊല്ലികളാകരുത്. ആരും.