ഡല്‍ഹി കലാപം: കൊല്ലപ്പെട്ടതില്‍ കൂടുതലും 20 നും 29 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍; റിപ്പോര്‍ട്ട് പുറത്ത്

single-img
7 March 2020

കഴിഞ്ഞ മാസം രാജ്യ തലസ്ഥാനമായ വടക്കുകിഴക്കന്‍ ഡൽഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരിലേറെയും ചെറുപ്പക്കാരെന്ന് ജിടിബി ആശുപത്രി. ഏകദേശം 20 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ 40 ശതമാനവുമെന്നാണ് ആശുപത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്ത്. ഈകൂട്ടത്തിൽ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ജിടിബി ആശുപത്രിയിലെ മാത്രം കണക്കാണ്.

കലാപത്തിൽ സാരമായി പരിക്കേറ്റവരില്‍ ഭൂരിഭാഗത്തെയും കലാപം നടന്ന പ്രദേശത്തിനടുത്തുള്ള ജിടിബി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ തന്നെ പലരെയും മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അപൂർവം ചിലർ ചിലര്‍ ചികിത്സക്കിടെ മരിച്ചു.

കലാപം നടന്ന ദിവസങ്ങളിൽ പലപ്പോഴായി ഏകദേശം 298 രോഗികളെ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചതായും ആശുപത്രി പുറത്തുവിട്ട രേഖകളില്‍ പറയുന്നുണ്ട്. കൊലചെയ്യപ്പെട്ടവരിൽ 44 പേരില്‍ 18 പേരും ഇരുപതിനും 29 നും ഇടയില്‍ പ്രായമുള്ളവരാണ്.

ഇതിൽ 30 നും 34 നും ഇടയില്‍ പ്രായമുള്ള എട്ട് പേരും 35 നും 39 നും ഇടയില്‍ പ്രായമുള്ള മൂന്ന് പേരും 40 നും 49 നും ഇടയില്‍ പ്രായമുള്ള അഞ്ച് പേരും ആശുപത്രിയുടെ കണക്കില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേപോലെ തന്നെ കൊല്ലപ്പെട്ട 44 പേരില്‍ 13 പേരും മരിച്ചത് വെടിയേറ്റിട്ടാണെന്നും ആശുപത്രി പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. 24 ആളുകൾ പൊള്ളലേറ്റും മരിച്ചു.