സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; അതിജാഗ്രതാ നിർദേശം

single-img
7 March 2020

കോഴിക്കോട്​: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടന്ന പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതേ തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു.

സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു. രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

2016ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.തുടർന്ന്​ ലക്ഷക്കണക്കിന്​ താറാവുകളെയാണ്​ അന്ന്​ കൊന്നൊടുക്കിയത്​.