വെറ്റിനറി വനിതാ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജനിച്ചത് പെണ്‍കുഞ്ഞ്

single-img
7 March 2020

ഹൈദരാബാദ് : ഹൈദരാബാദില്‍ വെറ്റിനറി വനിതാ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പെണ്‍കുഞ്ഞു ജനിച്ചു. കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്റെ ഭാര്യയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. നാരായണ്‍പേട്ട് ജില്ലയിലെ മക്തല്‍ മണ്ഡലമായ ഗുഡിഗണ്ട്‌ല ഗ്രാമം സ്വദേശിയാണ് ചെന്നകേശവുലു. നവംബര്‍ 27നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഈ സമയത്ത് ചെന്നകേശവുലുവിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു.

ചെന്നകേശവുലുവിന്റെ ഭാര്യ രേണുക മെഹബൂബ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രസവിച്ചത്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷംഷാബാദിനടുത്തുള്ള തോഡപ്പള്ളി ടോള്‍ പ്ലാസയിലാണ് മൃഗഡോക്ടറായ 26കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഈ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രണ്ട് ദിവസത്തിന് ശേഷം നാരായണ പേട്ടില്‍നിന്ന് കേസിലെ പ്രതികളായ ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവുലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനുകൊണ്ടുവന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ വെടിവയ്ക്കുകയായിരുന്നു വെന്നാണ് പൊലീസിന്റെ വിശദീകരണം. ഡിസംബര്‍ ആറിനാണ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.