മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കം; അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

single-img
7 March 2020

ആലപ്പുഴ: മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിൽ അടിയേറ്റ അഭിഭാഷകൻ ആശുപത്രിയിൽ മരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസ് (65) ആണു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.

പുത്തൻകാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു. ഫോൺ എടുത്തവർ പറഞ്ഞതു വാഹനത്തിനു മുന്നിൽ ഏബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെന്നുമാണ്. പിന്നീട് ഏബ്രഹാം മരിച്ചു.

പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ:

വീടിനു കുറച്ചകലെയുള്ള സ്ഥലത്തു മാലിന്യം കളഞ്ഞ ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഏ‌ബ്രഹാം. തൊട്ടടുത്ത വീട്ടിലെ യുവാവ് ഇതു കണ്ടു രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഏബ്രഹാമിനെ തടഞ്ഞു. വാക്കു തർക്കത്തിനിടയിൽ ഏബ്രഹാമിന്റെ ഹെൽമെറ്റ് അഴിച്ച് അതുകൊണ്ടു തലയ്ക്കടിച്ചു. തുടർന്നു പ്രതികൾ ഏബ്രഹാമിനെ സ്കൂട്ടറിൽ കുറുകെ കിടത്തി അടുത്തുള്ള സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും അവിടെ സ്വീകരിച്ചില്ല. അപകടമുണ്ടായെന്നാണ് പ്രതികൾ ആശുപത്രിയിൽ പറഞ്ഞത്. തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഏബ്രഹാമിന്റെ മൊബൈൽ ഫോണിലേക്കു വീട്ടിൽനിന്നു വിളിച്ചപ്പോൾ അപകടമുണ്ടായെന്നും താലൂക്ക് ആശുപത്രിയിലുണ്ടെന്നും പ്രതികൾ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.