ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 197; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 49 പേര്‍

single-img
7 March 2020

റോം : കോവിഡ് 19(കൊറോണ) ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 197 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 49 പേരാണ് മരിച്ചത്. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊറോണ മരണങ്ങള്‍ സംഭവിച്ച രാജ്യമായി ഇറ്റലി മാറിക്കഴിഞ്ഞു. ഒരാഴ്ചയ്ക്കിടെ 4600 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയുടെ വടക്കന്‍ മേഖലയിലാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്. വൈറസ് പടരുന്നത് തടയുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പത്തു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ അടക്കമുള്ള കായികവിനോദങ്ങള്‍ കാണികളുടെ അഭാവത്തില്‍ നടത്താനാണ് നിര്‍ദ്ദേശം.

അതേ സമയം ഇറ്റലിക്കു പുറമേ ഫ്രാന്‍സിലും ജര്‍മ്മനിയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ചൈനയില്‍ രോഗബാധ നിയന്ത്രണ വിധേയമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്‌ബോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ പടരുകയാണ് ചെയ്യുന്നത്. വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തില്‍ ഒരുലക്ഷം കവിഞ്ഞിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ മാത്രം 3015 പേരാണ് മരണപ്പെട്ടത്.

ഇറാനില്‍ 124 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ബ്രിട്ടണില്‍ 80 വയസ്സുകാരന്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി. വത്തിക്കാനിലും, സെര്‍ബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു.