ആഡംബര കാറിൽ പോലീസുകാരുടെ കറക്കം; ജിപിഎസ് സഹായത്തോടെ ഉടമ വാഹനത്തിനുള്ളില്‍ പൂട്ടിയത് 3 മണിക്കൂര്‍

single-img
6 March 2020

കസ്റ്റഡിയിലെടുത്ത ആഡംബര എസ്‌യുവിയുമായി കറങ്ങാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ മൂന്ന് മണിക്കൂര്‍ വാഹനത്തിനുള്ളില്‍ പൂട്ടി വാഹന ഉടമ. വാഹനത്തില്‍ നല്‍കിയിരുന്ന ജിപിഎസ് ട്രാക്കിങ്ങ് ഡിവൈസിന്റെ സഹായത്തോടെയാണ് ഉടമ പോലീസുകാരെ കുടുക്കിയത്. ലക്ഷങ്ങൾ വിലവരുന്ന വാഹനവുമായി കറങ്ങാനിറങ്ങിയ പോലീസുകാരെ കാറിനുള്ളില്‍ തന്നെ ഉടമ ലോക്ക് ചെയ്യുകയായിരുന്നു.

ലക്‌നൗവിലാണ് സംഭവം. രണ്ട് വാഹന ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലക്‌നൗ പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാല്‍, വാഹന ഉടമ വാഹനത്തിന്റെ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റേഷനില്‍ നിന്ന് 143 കിലോമീറ്റര്‍ മാറി നായ് ബാസ്തി എന്ന ഗ്രാമത്തിലാണ് തന്റെ വണ്ടിയുള്ളതെന്ന് ഉടമ കണ്ടെത്തുകയായിരുന്നു. ലക്‌നൗവില്‍ പിടിച്ച വാഹനം നായ് ബാസ്തിയിൽ കണ്ടെത്തിയതോടെയാണ് പോലീസുകാർ കുടുങ്ങിയത്.

ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറും രണ്ട് കോണ്‍സ്റ്റബിളുമാരും അടങ്ങുന്ന സംഘം ഈ വാഹനവുമായി കറങ്ങാനിറങ്ങിയതാണെന്ന് അറിയുന്നത്. കസ്റ്റഡിയിലുള്ള വാഹനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് വാഹനത്തിന്റെ ഉടമസ്ഥന്‍ പോലീസിനെ സമീപിക്കുകയും ഇക്കാര്യം കാണിച്ച് പരാതി നല്‍കുകയുമായിരുന്നു. വാഹന ഉടമയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗോമതിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഈ മൂന്നുപേര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും ലക്‌നൗ പോലീസ് കമ്മീഷണര്‍ സുജീത് പാണ്ഡെ അറിയിച്ചു.

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലൊക്കേഷന്‍ തിരിച്ചറിയുന്നതിനുമായാണ് ജിപിഎസ് സംവിധാനം നല്‍കുന്നത്. കാര്‍ മോഷ്ടിക്കപ്പെടുന്നത് പോലുള്ള സാഹചര്യത്തില്‍ വാഹന ഉടമയ്ക്ക് എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്താനും ഡോറുകള്‍ ലോക്ക് ചെയ്യാനും കഴിയുന്ന സംവിധാനങ്ങള്‍ ജിപിഎസിലുണ്ട്. പിന്നീട് ഉടമസ്ഥന്റെ സഹായത്തോടെ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. ഈ വിദ്യ തന്നെയാണ് പോലീസുകാരെ കുടുക്കാൻ പ്രയോ​ഗിച്ചതും.