നാടക സംഘത്തിന് 24,000 രൂപ പിഴ; ഈ പറഞ്ഞതൊന്നുമല്ല സത്യം: തൃശൂര്‍ എഎംവിഐ ഷീബയുടെ വിശദീകരണകുറിപ്പ്

single-img
6 March 2020

നാടക സംഘത്തിൻ്റെ വാഹനത്തില്‍ ബോര്‍ഡ് വെച്ചതിന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് 24,000 രൂപ പിഴ ചുമത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ച സംഭവം വൻ വിവാദത്തിന് വഴിവച്ചിരുന്നു. നാടക സംഘത്തിൻ്റെ വാഹനത്തിന് പിഴയിടാക്കുന്ന തൃശൂര്‍ എഎംവിഐ ഷീബയുടെ ചിത്രത്തോടെയായിരുന്നു പ്രചാരണം.എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് എഎംവിഐ നല്‍കിയിരിക്കുന്ന വിശദീകരണം.  എഎംവിഐ കൊടുത്ത നോട്ടീസില്‍, 24000രൂപ പിഴയടക്കണം എന്നല്ല, 24,000 സ്‌ക്വയര്‍ സെന്റീമീറ്ററിന് പിഴയടക്കണം എന്നാണ് നിര്‍ദേശിച്ചിട്ടുളളതെന്നാണ് രസകരം. 

കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത് ഇങ്ങനെ: 

‘വാഹനത്തിന് പുറകിലും മുന്‍പിലുമായി 160 സെ.മി നീളത്തിലും 150 സെമി വീതിയിലുമായി ‘അശ്വതി’ എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആയതിന്റെ പിഴയടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. violation of kerala motor vehicle rule191. 160X150=24000 cm2ന്റെ ഫീസ് ഈടക്കുന്നതാണ്´

‘പരസ്യ ബോര്‍ഡിന്റെ വലുപ്പം 24000 സ്‌ക്വയര്‍ സെന്റീമീറ്റര്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. ഈ വിസ്തീര്‍ണത്തിലുള്ള പരസ്യത്തിന് ഒരു വര്‍ഷത്തേക്ക് മുഴുവനായി അടക്കുകയാണെങ്കില്‍പ്പോലും 9600രൂപ അടച്ചാല്‍ മതിയെന്നിരിക്കെ, പുറത്തുവന്ന വാര്‍ത്തകള്‍ ശരിയായ വിവരങ്ങള്‍ ശേഖരിക്കാതെയും വസ്തുതകള്‍ക്ക് നിരക്കാത്തത്തതാണെന്നും ബോധിപ്പിക്കുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. 

‘പരസ്യ പ്രദര്‍ശനത്തിന് നിശ്ചിത ഫീ ഒടുക്കി അനുമതി വാങ്ങേണ്ടതിനെക്കുറിച്ച് ഡ്രൈവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരുന്ന സമയത്ത്. വാഹനത്തിലെ യാത്രക്കാരന്‍ എന്നവകാശപ്പെട്ട ഒരാള്‍ വന്ന് ഇത്തരം ഫീ നിലവിലില്ല എന്നും, ഉണ്ടെങ്കില്‍ തന്നെ ആ നിയമം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലെന്നും ആക്രോശിക്കുകയും, ആയതിൻ്റെ നിയമനടപടികള്‍ എഴുതിത്തരാന്‍ ആവശ്യപ്പെടുകയും, അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ഉച്ചത്തില്‍ പറഞ്ഞ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുകയും ചെയ്തു. ഇദ്ദേഹത്തിൻ്റെ പ്രകോപനപരമായ സംഭാഷണത്തിനിടയിലും സമചിത്തത കൈവിടാതെ ഞാന്‍ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കുകയും സമയനഷ്ടം ഉണ്ടാക്കാതെ ആയതിൻ്റെ കോപ്പി ഡ്രൈവര്‍ വശം കൊടുത്തു വിടുകയും ചെയ്തു’- ഷീബ വിശദീകരണത്തില്‍ പറയുന്നു.

നേരത്തെ, നാടക സംഘത്തിന്റെ വാഹനത്തിന് പിഴ ഈടാക്കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.ബ്‌ലാങ്ങാട് നാടകം കളിക്കാനായി ചെറായിയില്‍ നിന്ന് പോയ ആലുവ അശ്വതി നാടക സമിതിയുടെ വാഹനമാണ് ചേറ്റുവ പാലത്തിന് സമീപത്തുനിന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്.  മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡ് അളന്ന ശേഷമാണ് വനിതാ ഇന്‍സ്‌പെക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

നാടക സംഘത്തില്‍ നിന്ന് വലിയ തോതില്‍ പിഴ ഈടാക്കി എന്ന തരത്തില്‍ പ്രചാരണം നടക്കുകയും വിമര്‍ശനങ്ങള്‍ വരികയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രി നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്.