കൊറോണ ഭീതി: വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങ് റദ്ദാക്കി;കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു മാസം പഞ്ചിംഗ് വേണ്ട

single-img
6 March 2020

ഡൽഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങ് റദ്ദാക്കി. ഇന്ത്യ-പാക് സൈനികർ അണിനിരക്കുന്ന വർണാഭമായ ചടങ്ങ് വീക്ഷിക്കാൻ ആയിരക്കണക്കിനാളുകൾ എത്തുന്ന സാഹചര്യത്തിലാണ് റദ്ദാക്കിയതെന്ന് ബി.എസ്.എഫ് അമൃത്​സർ ഡെപ്യൂട്ടി കമീഷണർ ശിവ്ദുലാർ സിങ് ദില്ലൻ അറിയിച്ചു.

ഇന്ത്യയുടെ ബി.എസ്.എഫ് സൈനികരും പാകിസ്താന്‍റെ പാകിസ്താൻ റേഞ്ചേഴ്സ് സൈനികരുമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.
രാജ്യത്ത് 31 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതു കെണ്ട് തന്നെ ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കാനനുള്ള നിർദ്ദേശവും ഉണ്ട്.

ഡൽഹിയിൽ നേരത്തെ സ്കൂളുകളിൽ രാവിലെയുള്ള അസംബ്ലിയും ബയോമെട്രിക് അറ്റൻഡൻസും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ മാസം മുഴുവൻ പഞ്ചിംഗ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും രോഗം പകരുമെന്നിരിക്കെ, ഈ മാസം മുഴുവൻ വിരൽ വച്ചുള്ള ബയോമെട്രിക് സംവിധാനം തൽക്കാലം പിൻവലിക്കുകയാണെന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം, പഞ്ചിംഗിന് പകരം, ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പഞ്ചിംഗ് (Asdhar Based Biometric Attendance System AEBAS) എന്ന സംവിധാനം ഉപയോഗിക്കണമെന്നും ഉത്തരവിൽ നി‍ർദേശിക്കുന്നു. പഞ്ചിംഗ് ഇല്ലെങ്കിലും പഴയ പടി, എല്ലാ ഉദ്യോഗസ്ഥരും അറ്റൻഡൻസ് റജിസ്റ്ററിൽ ഒപ്പു വച്ച് ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.