‘ങ്യാാഹഹാ’ ആ ചിരി ഇന്നും ഓര്‍മ്മയില്‍ ;മലയാളികളുടെ പ്രിയ മണിനാദം നിലച്ചിട്ട് ഇന്ന് നാലുവര്‍ഷം

single-img
6 March 2020

മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് നാലുവര്‍ഷം പിന്നിടുന്നു. 2016 മാര്‍ച്ച് ആറിനാണ് ആ മണിനാദം എന്നന്നേക്കുമായി നിലച്ചത്. കരള്‍ സംബന്ധമായ രോഗ കാരണങ്ങളാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ ഇടവും ശൈലിയും സൃഷ്ടിച്ച ആ കലാകാരന്‍ ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നു.

‘അക്ഷരം’ എന്ന സിനിമയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് മണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ‘സല്ലാപം’ എന്ന ചിത്രത്തിലെ മണിയുടെ കള്ളുചെത്തുകാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും’, ‘കരുമാടിക്കുട്ടന്‍’ എന്നീ ചിത്രങ്ങളിലെ നായകവേഷം മണിയെ ഏറെ പ്രശസ്തനാക്കി. പിന്നീട് സ്വഭാവനടനായും വില്ലനായും നായകനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ താരം തിളങ്ങി. രാക്ഷസ രാജാവിലെയും, ചോട്ടാമുംബൈയിലേയും വില്ലന്‍ വേഷങ്ങളില്‍ സമാനതകളില്ലാത്ത പ്രകടനമായിരുന്നു മണി കാഴ്ച വച്ചത്. ആമേനിലെ കഥാപാത്രം അദ്ദേഹത്തിലെ സ്വഭാവ നടനെ പുറത്തുകൊണ്ടുവരികയായിരുന്നു,

മലയാളികളുടെ പ്രിയ മണിനാദം നിലച്ചിട്ട് ഇന്ന് നാലുവര്‍ഷം

'ങ്യാാഹഹാ' ആ ചിരി ഇന്നും ഓര്‍മ്മയില്‍ ;മലയാളികളുടെ പ്രിയ മണിനാദം നിലച്ചിട്ട് ഇന്ന് നാലുവര്‍ഷം4th Death anniversary of Actor Kalabhavan Mani##kalabhavanmani #4thdeathanniversary #malayalammovie

Posted by Evartha TV on Friday, March 6, 2020

മലയാളത്തിലെ അതിര്‍ വരമ്പുകള്‍ മറികടന്ന് തമിഴിലും തെലുങ്കിലുമെല്ലാം മണി കഴിവു തെളിയിച്ചു. ജമിനിയിലും ,ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും മികച്ച വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രത്യേക ജൂറി പരാമര്‍ശവും,മികച്ച നടനായുംമികച്ച വില്ലനായുമെല്ലാം മണി തെരഞ്ഞെടുക്കപ്പെട്ടു.യാത്രചോദിക്കാതെ, പോയ് മറഞ്ഞു പറയാതെ എന്നീ സിനിമകളാണ് മണി ഒടുവില്‍ പൂര്‍ത്തിയാക്കിയ സിനിമകള്‍.

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ താരം തന്റേതായ അഭിനയ ശൈലിയിലൂടെയാണ് തെന്നിന്ത്യയിലെ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. ചാലക്കുടിയില്‍ ഓട്ടോയോടിച്ച് ഉപജീവനം നടത്തിയിരുന്ന മണി മിമിക്രിയും ഒപ്പം കൊണ്ടു പോയിരുന്നു.മിമിക്രിയേക്കാലും ജനഹൃദയങ്ങളില്‍ മണി ഇടം പിടിച്ചത് നാടന്‍ പാട്ടുകളിലൂടെയായിരുന്നു എന്നുവേണം പറയാന്‍. ചാലക്കുടി ചന്തക്കു പോയപ്പോള്‍, കണ്ണിമാങ്ങാ പ്രായത്തില്‍, ഓടേണ്ട ഓടേണ്ട തുടങ്ങിയ പാട്ടുകളോക്കെയും ഇന്നും മലയാളികളുടെ നാവിന്‍തുമ്പിലുണ്ട്.

സിനിമയില്‍ കാണുന്ന ഈ ശരീരം സിനിമ തന്ന സമ്പത്തല്ല, പൊരി വെയിലത്ത് പണി ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണി ചങ്കൂറ്റത്തോടെ പറയാറുണ്ട്.സിനിമയില്‍ വരുന്നതിന് മുമ്പ്് മണി ജീവിതം പഠിച്ചത് ചാലക്കുടിയില്‍ നിന്നായിരുന്നു. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണിനടത്തിയിട്ടുണ്ട്. ഓരോ സിനിമയുടെ സെറ്റില്‍ പോകുമ്ബോഴും അവിടുത്തെ നാടന്‍ പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും. നേരം പുലരുന്നതുവരെ പാടി രസിക്കും,അതില്‍ നിന്ന് പുതിയൊരീണം പിറക്കും. അങ്ങനെയാണ് പല പാട്ടുകളും പിറന്നത്.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. തുടര്‍ന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കലാഭവന്‍ മണി മരിച്ച്‌നാലു വര്‍ഷം തികയുമ്പോഴും മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. 2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല.

ഒരു തലതൊട്ടപ്പന്റെയും പിന്‍ബലമില്ലാതെയാണ് മണി മലയാള സിനിമയിലേക്കും മലയാളികളുടെ മനസിലേക്കും ചുവടെടുത്ത് വെച്ചത്.
മറ്റൊരു നടനും ലഭിക്കാത്ത യാത്രയയപ്പ് ആയിരുന്നു മലയാളികള്‍ അദ്ദേഹത്തിന് നല്‍കിയത്. നാടന്‍പാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം ഇന്നും മലയാളികള്‍ക്ക് ഓര്‍മ്മയിലുണ്ട്. ആടിയും പാടിയും അഭിനയിച്ചും സാധാരണക്കാരില്‍ ഒരാളായി പെരുമാറിയും പച്ചമനുഷ്യനായി ജീവിച്ചു മരിക്കുകയായിരുന്നു മണി.