അറബ് രാജ്യങ്ങളിൽ കൊറോണ ഭീതി പടരുമ്പോൾ വിദേശയാത്ര നിർത്തിവെക്കാൻ യു.എ.ഇ നിർദേശം

single-img
5 March 2020

ദുബായ്: കൊറോണ വൈറസ്​ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത മുൻ കരുതൽ നടപടികളിലേക്ക് അറബ് രാജ്യങ്ങൾ നീങ്ങുന്നു. പ്രതിരോധ മുൻകരുതലുകൾ യാത്രാവിലക്കിലേക്കും നീങ്ങുന്നതായാണ് റിപ്പോർട്ട്. വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന്​ യു.എ.ഇ പൗരൻമാരോടും രാജ്യത്തെ താമസക്കാരോടും ആവശ്യപ്പെട്ടു കഴിഞ്ഞു.

രോ​ഗബാധ ഇത്രമേൽ വേ​ഗത്തിൽ പടരുന്ന സാഹചര്യത്തിൽ മറ്റ് അടിയന്തര സാഹചര്യങ്ങളിലല്ലാതെ വിദേശങ്ങളിലേക്ക്​ പോകേണ്ടതില്ലെന്നാണ്​ ജനങ്ങളോട്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്​. യാത്ര പോകുന്നവർ തിരിച്ചെത്തുമ്പോൾ കർശന പ്രതിരോധ നടപടികൾക്ക്​ വിധേയരാവുകയും വേണം.വിമാനത്താവളത്തിലെ വിശദമായ പരിശോധനകൾക്ക്​ പുറമെ വൈറസ്​ ബാധ ഇല്ലെന്ന്​ ഉറപ്പാക്കും വരെ കരുതൽ പരിചരണ താമസവും വേണ്ടിവരും. രാജ്യത്ത്​ രോഗം പടരാതിരിക്കാൻ സാധ്യമായ എല്ലാ നടപടിക്രമങ്ങളും യു.എ.ഇ സ്വീകരിച്ചു വരുന്നുണ്ട്​.

അതേസമയം ഇന്ത്യയിൽനിന്ന്‌ യു.എ.ഇ.യിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നിഷേധിച്ചു. കോവിഡ്-19 വ്യാപനം കണക്കിലെടുത്ത് യു.എ.ഇ.യിലേക്ക് ഇന്ത്യ ഒരുവിധ യാത്രാ നിർദേശങ്ങളും പുറത്തിറക്കിയിട്ടില്ല. യു.എ.ഇ.യിലെ ഒട്ടേറെ പരിപാടികൾ മാറ്റിവെക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മാർച്ച് എട്ടുമുതൽ നാലാഴ്ച അവധി നൽകുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ.യും ഇന്ത്യയും പുറത്തിറക്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും കോൺസുലേറ്റ് ട്വീറ്റിൽ പറയുന്നു.

പ്രതിരോധ നടപടികളുടെ ഭാഗമായി യു.എ.ഇ.യിലെ നഴ്‌സറികൾ മാർച്ച് ഒന്നുമുതൽ അടച്ചിടുമെന്ന് വിദ്യാഭ്യാസമന്ത്രി ഹുസൈൻ അൽ ഹമ്മദി അറിയിച്ചിരുന്നു. കുട്ടികളിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. യു.എ.ഇ.യിലെ സ്കൂളുകൾ രാജ്യത്തിന് അകത്തോ പുറത്തോ നടത്തിവരുന്ന എല്ലാത്തരം വിദ്യാഭ്യാസ പരിപാടികളും ഒത്തുചേരലുകളും താത്കാലികമായി നിർത്തിവെക്കാനും വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.