കുഞ്ഞു ശരീരത്തില്‍ വടികൊണ്ടടിച്ച 22 പാടുകള്‍; നാലുവയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം

single-img
5 March 2020

കൊടുങ്ങല്ലൂര്‍:നാലു വയസുകാരിയെ രണ്ടാനമ്മ ക്രൂരമായി മര്‍ദ്ദിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കു നേരെയാണ് അക്രമം ഉണ്ടായത്. കുഞ്ഞിന്റെ ശരീരത്തില്‍ വടികൊണ്ടടിച്ച 22 പാടുകളാണ് ഉണ്ടായിരുന്നത്. അങ്കണവാടി അധ്യാപികയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കുഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

 കഴിഞ്ഞ ദിവസം അങ്കണവാടിയിലെത്തിയ കുഞ്ഞ്‌ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു പിന്നീട്‌ അദ്ധ്യാപിക മിനിയെ, കൈകള്‍ കാണിച്ചു. ചുവന്ന പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപിക പ്രാണിയോ മറ്റോ കടിച്ചതാകാമെന്നു കരുതി വെളിച്ചെണ്ണ പുരട്ടി. ഈ സമയം തല്ലുകൊണ്ട മറ്റു ഭാഗങ്ങള്‍ കുഞ്ഞ് കാണിക്കുകയായിരുന്നു. ഇതോടെ അദ്ധ്യാപിക ഐസിഡിഎസ് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചു ചൈല്‍ഡ് വെല്‍ഫെയര്‍ പ്രതിനിധികള്‍ അങ്കണവാടിയില്‍ എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അസം സ്വദേശിയായ അസതുല്‍ ഹക്ക് ഇസ്ലാമിന്റെ മകളാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഗോഡൗണിലെ ജീവനക്കാരാണ് അസതുല്‍ ഹക്കും രണ്ടാം ഭാര്യ മസൂദ ഹെയ്തും. മസൂദയുടെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു അസതുല്‍ ഹക്ക്. ആ ബന്ധത്തിലുണ്ടായ കുഞ്ഞിനാണ് മര്‍ദനമേറ്റത്. ഭാര്യ മരിച്ചതിനു ശേഷം അസതുല്‍ ഹക്ക്, മസൂദയെ വിവാഹം കഴിക്കുകയായിരുന്നു.ഇവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിനു നല്‍കിയ ഭക്ഷണം എടുത്തതിന്റെ പേരിലാണ് മര്‍ദ്ദനം ഉണ്ടായതെന്നാണ് വിവരം.