ഏഴ്​ കോൺഗ്രസ്​ എം.പിമാർക്ക്​ സസ്​പെൻഷൻ; ബിജെപി എംപി മര്‍ദിച്ചുവെന്ന രമ്യാ ഹരിദാസിന്‍റെ പരാതിയില്‍ നടപടിയില്ല

single-img
5 March 2020

ഡൽഹി: കേരളത്തിൽ നിന്നുള്ള നാല്​​ എം.പിമാർ ഉൾപ്പെടെ ലോക്​സഭയിലെ ഏഴ്​ കോൺഗ്രസ്​ എം.പിമാർക്ക്​ സസ്​പെൻഷൻ. ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്​, ബെന്നി ബഹന്നാൻ, രാജ്​മോഹൻ ഉണ്ണിത്താൻ, മണിക്ക ടാഗൂർ, ഗുർജീത്​ സിങ്​, ഗൗരവ്​ ഗൊഗോയ്​ എന്നിവരെയാണ്​ സ്​പീക്കർ സസ്​പെൻഡ്​ ചെയ്​തത്​. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ലോക്സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ കടലാസും കീറിയെറിയുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തതിനാണ് സസ്​പെൻഷൻ. അതേ സമയം ബിജെപി എംപി തന്നെ മര്‍ദിച്ചുവെന്ന രമ്യാ ഹരിദാസിന്‍റെ പരാതിയില്‍ സ്പീക്കര്‍ നടപടിയെടുത്തില്ല.

നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ ലോക്സഭാ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തു നിന്ന് കടലാസെടുത്ത് വലിച്ചുകീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ വലിച്ചെറിഞ്ഞതിനാണ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍.ഈ സമ്മേളനം മുഴുവൻ ഇവർ സഭയ്ക്ക് പുറത്ത് നില്‍ക്കണം എന്ന സർക്കാർ പ്രമേയം ശബ്ദവോട്ടോടെ അംഗീകരിച്ചു. രണ്ട് ദിവസമായി സ്പീക്കർ ഓം ബിർള സഭയിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. അദ്ധ്യക്ഷകസേരയിലുണ്ടായിരുന്ന മീനാക്ഷി ലേഖി നടപടി പ്രഖ്യാപിച്ചത് അസാധാരണമാണ്. പാർലമെന്‍റ് പരിസരം വിട്ടുപോകണമെന്നും എംപിമാർക്ക് മീനാക്ഷിലേഖി നിർദ്ദേശം നല്‍കി.

പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം വിളിച്ച് നടപടിക്കെതിരെ നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ സസ്പെന്‍ഷനിലായ ഏഴ് എംപിമാര്‍ക്കെതിരെ കൂടുതല്‍ നടപടിവേണമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.