ഹോസ്റ്റല്‍ ഫുഡില്‍ പാറ്റയും പല്ലിയും; നടപടിയെടുക്കാതെ അധികൃതര്‍

single-img
5 March 2020

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പാറ്റയും പല്ലിയും കണ്ടെത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂറം പാളയത്തിലുള്ള ആദിത്യ എഞ്ചിനീയറിങ്ങ് കോളേജിലാണ് സംഭവം നടന്നത്. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ കഴിച്ച വിദ്യാര്‍ത്ഥികളില്‍ മിക്കവരുടെയും ആരോഗ്യ സ്ഥിതി മോശമാണ്.

ഇത്തരം ഭക്ഷണം തുടര്‍ക്കഥയായതോടെ കഴിഞ്ഞ ദിവസം കോളേജില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.ഗുണനിലവാരമില്ലാത്ത ഭക്ഷണത്തെ പറ്റി മാനേജ്മെന്റിനോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ചതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിഷയത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരണം നല്‍കിയിട്ടില്ല. നിലവില്‍ സമരം തുടരുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ പ്രശ്നപരിഹാരമുണ്ടാകുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.