മിലേ സുർ മേരാ തുമ്ഹാര: ഒരു ദൂരദർശനും ഒരു ആകാശവാണിയും മാത്രമുള്ള സമയത്ത് ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം

single-img
5 March 2020

1988 ഓഗസ്റ്റ് 15. ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യദിന സന്ദേശം നടക്കുന്നു. അന്നത്തെ ഒരേയൊരു ദൃശ്യമാധ്യമമായ ദൂരദർശനിൽ അതിന്റെ തത്സമയവും. പ്രധാനമന്ത്രി സംസാരിച്ചു തീർന്നതിനു പിന്നാലെ ദൂരദർശനിൽ പ്രത്യക്ഷപ്പെട്ടത് ഒരു ഗാനമായിരുന്നു. ആറ് മിനിട്ടും 10 സെക്കന്റുമുള്ള ആ ഗാനം ഇന്ത്യയിലെ പ്രേക്ഷകരെ മുഴുവൻ ആകർഷിച്ചു. തുടർന്നു വർഷങ്ങളോളം ടെലിവഷനിലും ആകാശവാണിയിലുമായി ആ ഗാനം പ്രേക്ഷകരിലേക്ക് എത്തി. 

അങ്ങനെ അങ്ങനെ ആ മനോഹരഗാനം ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം എന്ന വിളിപ്പേരോടെ ചരിത്രത്തിലേക്ക് നടന്നു കയറി. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സംഭാവനയായ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തെ മനോഹരമായി ആവിഷ്‌കരിച്ച ‘മിലേ സുർ മേരാ തുമാരാ’ എന്ന ഗാനം സംസാരിച്ചത് പതിനാല് ഇന്ത്യൻ ഭാഷകളും കൂടിയായിരുന്നു. 

‘എൻ്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്’ എന്ന വരികൾ തേക്കടിയിലെ ഒരു ആനപ്പുറത്തിരുന്ന പാടുന്ന മലയാളിയെ ആരും മറക്കാനിടയില്ല. അതേ വരികൾ മറ്റു പതിമൂന്ന് ഭാഷകളിലും പ്രസ്തുത ഗാനത്തിൽ ആവർത്തിക്കുന്നുണ്ട്. 

മിലേ സുർ മേരാ തുമ്ഹാര: ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം

മിലേ സുർ മേരാ തുമ്ഹാര: ഒരു ദൂരദർശനും ഒരു ആകാശവാണിയും മാത്രമുള്ള സമയത്ത് ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം mile sur mera tumhra second national anthem#Milesurmerathumara #India #secondnational anthem

Posted by Evartha TV on Friday, March 6, 2020

ലോക് സേവാ സഞ്ചാർ പരിഷത്തിന്റെ ആശയത്തിന് സാക്ഷാത്കാരമേകിയത് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയവും ദൂർദർശനം ചേർന്നായിരുന്നു. ഒഗിൽവി ആൻഡ് മാത്തർ ഇന്ത്യയുടെ ഇന്നത്തെ എക്‌സിക്യൂട്ടീവ് ചെയർമാൻ പിയൂഷ് പാണ്ഡേയുടെ വരികൾക്ക് അശോക് പാട്കി സംഗീതവും ലൂയിസ് ബാങ്ക്‌സ് അവതരണ സംഗീതവും നിർവഹിച്ചു. ദൂരദർശനിലൂടെ തരംഗമായ ദൃശ്യങ്ങൾക്ക് മിഴിവേകിയതിനു പിന്നിൽ സുരേഷ് മല്ലിക്കിന്റെ ആശയങ്ങളായിരുന്നു പ്രവർത്തിച്ചത്. 

ഹിന്ദി, ഗുജറാത്തി, ഉർദു, പഞ്ചാബി, സിന്ധി, കശ്മീരി, തമിഴ്, കന്നഡ, തെലുഗു, മലയാളം, ബംഗാളി, ആസാമീസ്, ഒറിയ, മറാത്തി ഭാഷകളിലൂടെ കടന്നു പോകുന്ന ഈ ഗാനത്തിൽ അഭിനയിക്കാൻ അണിനിരന്നവരും അന്നത്തെ പ്രമുഖർ തന്നെയാണ്. 

ഭീംസെൻ ജോഷി, എം. ബാലമുരളീകൃഷ്ണ, ലതാ മങ്കേഷ്‌കർ, അമിതാബ് ബച്ചൻ, മിഥുൻ ചക്രവർത്തി, കമലഹാസൻ, കെ.ആർ. വിജയ,രേവതി, ജിതേന്ദ്ര, വഹീദ റഹ്മാൻ, ഹേമ മാലിനി, തനൂജ ,ശർമിള ടാഗോർ, ശബാന ആസ്മി, ദീപ സാഹി, ഓം പുരി, ദിന പഥക്, മീനാക്ഷി ശേഷാദ്രി, മല്ലിക സാരാഭായ്, മാരിയോ മിരാൻഡ, മൃണാൾ സെൻ, സുനിൽ ഗംഗോപാധ്യായ, ആന്ദശങ്കർ റായ്, സുചിത്ര മിത്ര, നരേന്ദ്ര ഹിർവാനി, എസ്. വെങ്കട്ടരാഘവൻ, പ്രകാശ് പദുകോൺ, രാമാനന്ദൻ കൃഷ്ണൻ,അരുൺ ലാൽ, പി.കെ. ബാനർജി,ചുനി ഗോസാമി, സയിദ് കിർമാനി,ലെസ്ലി ക്ലോഡിയസ്, ഗുരുബ്ക്സ് സിംങ്ങ്, പ്രതാപ് പോത്തൻ തുടങ്ങിയവരായിരുന്നു ഗാനരംഗത്തിൽ അഭിനയിച്ചത്. 

ഈ ഗാനം വിവിധ ഭാഷകളിൽ ആണെങ്കിലും സംഗീതം ചിട്ടപ്പെടുത്തുവാൻ ഉപയോഗിച്ചിരിക്കുന്ന രാഗം സിന്ധുഭൈരവിയാണ്. ഒരു രാഗം ഉപയോഗിച്ച് ഒരു ആശയത്തെ വിവിധഭാഷകളിൽ പ്രശസ്തരായ ഗായകരെ കൊണ്ട് പാടിക്കുക എന്നുള്ളതായിരുന്നു മിലേ സുർ മേരായിലൂടെ യാഥാർത്ഥ്യമായത്. ഇന്ത്യയുടെ ദേശീയരാഗമെന്ന വിളിപ്പേരുകൂടി സിന്ധുഭൈരവിക്കുണ്ട്. അതതു പ്രാദേശികമായ ആലാപനരീതിയോടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നാടോടിസംഗീതത്തിന്റെയും ക്ലാസിക്കൽ സംഗീതത്തിന്റെയും ഭാഗമായി നൂറ്റാണ്ടുകളായി സിന്ധുഭൈരവിയുണ്ട്. സിന്ധുദേശത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഉടലെടുത്തത് എന്ന്കരുതുന്ന ഈ രാഗത്തിന് പേർഷ്യൻസംഗീതത്തിലും വേരുകളുണ്ടെന്നുള്ളതും ഈ രാഗത്തിനു നിയതമായ ആരോഹണ- അവരോഹണ ക്രമങ്ങൾ ഇല്ലെന്നുള്ളതും  പ്രത്യേകതയാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെയാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ പ്രതിപാദിക്കുന്ന ഈ ഗാനത്തിന് സിന്ധുഭൈരവിതന്നെ ഉപയോഗിക്കാൻ സൃഷ്ടാക്കൾ തീരുമാനിച്ചതും. 

ഇന്ന് പ്രസ്തുത ഗാനം പ്രയാണം തുടങ്ങിയിട്ട് 31 വർഷങ്ങൾ കഴിഞ്ഞുവെങ്കിലും പലർക്കും ഈ ഗാനം കാണാപ്പാഠമാണ്. ഒരു ദൂരദർശനും ഒരു ആകാശവാണിയും മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുടെ കാലത്ത് ഈ ഗാനം പിടിച്ചടക്കിയ ഹൃദയങ്ങൾ ഇന്നും അതുപോലെ തന്നെ അതിനെ ചേർത്തു നിർത്തുന്നുണ്ട്, പറിച്ചെറിയാൻ സാധ്യമല്ലെന്ന രീതിയിൽ. അതുകൊണ്ടു കൂടിയാണ് ‘മിലേ സുർ’ ഗാനത്തിന്റെ ഇരുപതാം വാർഷികത്തിലിറങ്ങിയ ‘ഫിർ മിലേ സുർ’ എന്ന ഗാനം ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവരുണ്ടായിട്ടും ഹൃദയത്തിൽ തട്ടാതെ പോയതും.