ജമ്മു കാശ്മീരിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്താന് കൈമാറി: പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്ത പങ്കജ് ശർമ്മ അറസ്റ്റിൽ

single-img
5 March 2020

ജമ്മു കാശ്മീരിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്താന് കൈമാറിയ കുറ്റത്തിന് യുവാവ് അറസ്റ്റിൽ. ഇൻ്റലിജന്‍സ് ഏജന്‍സികളാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ജമ്മുവിലെ സാംബ സ്വദേശി പങ്കജ് ശര്‍മ്മയെയാണ് വ്യാഴാഴ്ച പിടികൂടിയത്. ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. 

ജമ്മു, സാംബ, കത്വ ജില്ലകളിലെ സുപ്രധാന മേഖലകളുടെ വിവരങ്ങളാണ് ഇയാള്‍ പാകിസ്താനി ഏജന്റിന് കൈമാറിയത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയായിരുന്നു ഇത്. പാകിസ്താനില്‍ വിവരങ്ങള്‍ കൈമാറുന്ന ആളുകളുമായി ഇയാള്‍ക്ക് മുന്‍പും ബന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജന്‍സ് ബ്യുറോ സംശയിക്കുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവ കൈമാറിയത്. ചോദ്യം ചെയ്യലില്‍ പങ്കജ് ശര്‍മ്മ കുറ്റം സമ്മതിച്ചതായും അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകള്‍ ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തുകൊണ്ട് പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ഏഴ് നാവികരെയും ഒരു ഹവാല ഇടപാടുകാരനേയും കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്തുനിന്നും അറസ്റ്റു ചെയ്തിരുന്നു. ആന്ധ്ര ഇന്റലിജന്‍സ് പോലീസും നേവല്‍ ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്.

പാകിസ്താന്‍ ഐഎസ്ഐ പ്രവര്‍ത്തകനായ മുഹമ്മദ് പര്‍വേസിനെ 2017ല്‍ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. വ്യാജ വിലാസത്തില്‍ ഒരു ജവാനെ ഹണിട്രാപ്പില്‍ കുടുക്കിയ പര്‍വേസ് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നാണ് കണ്ടെത്തലെന്നാണ് അധികൃതർ പറയുന്നത്.