അപേക്ഷിച്ചത് തെറ്റു തിരുത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്; ലഭിച്ചത് നായയുടെ പടമുള്ള ഐഡി

single-img
5 March 2020

കൊല്‍ക്കത്ത: വോട്ടര്‍ ഐഡി കാര്‍ഡിലെ പടത്തിന് ആളുമായി സാമ്യമുണ്ടാകില്ല എന്ന തമാശ ഏറെ പറയാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സ്വന്തം ചിത്രത്തിനു പകരം നായയുടെ ചിത്രം വച്ച തിരിച്ചറിയല്‍ കാര്‍ഡു ലഭിച്ചിരിക്കുകയാണ് ബംഗാള്‍ സ്വദേശിച്ച്. മുര്‍ഷിദാ ബാദ് രാം നഗര്‍ സ്വദേശിയായസുനില്‍ കര്‍മാക്കറിനാണ് ഇത്തരത്തില്‍ വിചിത്രമായ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചത്.

ആദ്യം ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റു തിരുത്താനാണ് സുനില്‍ അപേക്ഷ നല്‍കിയത്. ഇതിനായി ബുധനാഴ്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. ഐഡി കാര്‍ഡ് വാങ്ങാനെത്തിയ സുനില്‍കുമാര്‍ കണ്ടത് കാര്‍ഡില്‍ തന്റെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച നായയുടെ പടമാണ്.

ഫോട്ടോ ശ്രദ്ധിക്കാതെയാണ് ഓഫീസര്‍ കാര്‍ഡ് നല്‍കിയത്. തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന സംഭവമാണിതെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ പരാതി നല്‍കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം ഇപ്പോള്‍ നല്‍കിയത് അന്തിമവോട്ടര്‍ ഐ.ഡി അല്ലെന്നാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ വാദം. സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കും, കാര്‍ഡില്‍ നായയുടെ പടം വന്നത് തെറ്റാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പറഞ്ഞു.