മുഖ്യമന്ത്രിയല്ല, ദൈവം തമ്പുരാൻ പറഞ്ഞാലും കേൾക്കില്ല, നടപടിയെടുത്താൽ അപ്പോൾ കാണാം: പണിമുടക്കിൻ്റെ പേരിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ

single-img
5 March 2020

ജനങ്ങളെ മണിക്കൂറുകളോളം തെരുവിൽ നിറുത്തിയ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ പണിമുടക്കിനെതിരെ കൂട്ട നടപടിക്ക് നിർദ്ദേശം നൽകിയ സർക്കാരിനെതിരെ തുറന്ന പോരിന് യൂണിയനുകൾ.  ജനങ്ങളുടെയാകമാനം പ്രതിഷേധവും വികാരവും ആളിക്കത്തിയ സംഭവത്തിൽ നടപടിയുണ്ടായേ മതിയാവൂ എന്ന നിലപാടാണ് പൊതുവിലെങ്കിലും, നടപടിയെടുത്താൽ പ്രതികരിക്കുമെന്ന ഭീഷനണിയാണ് യൂണിയനുകൾ ഉയർത്തുന്നത്. 

കെഎസ്ആർടിസിയിൽ ശക്തമായ പിൻബലമുള്ള യൂണിയനുകളായതുകൊണ്ടാണ് ഏത് സർക്കാർ അധികാരത്തിൽ വന്നാലും കമ്പനിയെ തൊട്ട് കളിക്കാനാവാത്തത്. കെ.എസ്.ആർ.ടി.സിയെ പ്രതിക്കൂട്ടിലാക്കിയിട്ട്, പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈയൊഴിയാനാവില്ല എന്ന സന്ദേശമാണ് ട്രേഡ് യൂണിയനുകൾ ഇപ്പോൾ തരുന്നത്. 

കേൾക്കില്ലകെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ അപ്പോൾ കാണാം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയല്ല, ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും കേൾക്കില്ലെന്ന് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ എ ഐ ടി യു സി ജനറൽ സെക്രട്ടറി എം.ജി രാഹുൽ പറയുന്നു. രാവിലെ ജോലിക്ക് കയറുമ്പോൾ യാത്രക്കാരിൽ നിന്ന് ആദ്യം കേൾക്കുന്നത് നിൻെറ തന്തയുടെ വകയാണോ എന്നാണ്. അങ്ങനെ തന്തയ്ക്കും തള്ളയ്ക്കും വിളി കേട്ടുകൊണ്ടാണ് ജോലി ചെയ്യുന്നതെന്നും ഇതുവരെ ശമ്പളം കിട്ടിയില്ലെന്നും രാഹുൽ വ്യക്തമാക്കുന്നു. 

എന്തിനാണ് ഇങ്ങനെയൊരു സർവീസ്. കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടേക്ക്. ബി.എസ്.എൻ.എല്ലിലെ പോലെ വി.ആർ.എസ് തന്ന് പറഞ്ഞ് വിട്. പോകാൻ ജീവനക്കാരെല്ലാം തയ്യാറാണ്. തയ്യാറാകാത്തവരുണ്ടെങ്കിൽ അവരെ സർക്കാർ മറ്റ് വകുപ്പുകളിലേക്ക് മാറ്റണം. ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിനാണ് പൊലീസ് ജാമ്യമില്ലാതെ കേസെടുത്തിരിക്കുന്നത്. രാവിലെ 9.15 ന് തുടങ്ങിയ പ്രശ്നത്തിൽ 11.30 നുശേഷമാണ് പണിമുടക്കിലേക്ക് കടന്നത്. ആശുപത്രികളിൽ ഡോക്ടർമാരെ തല്ലിയാൽ പണിമുടക്കില്ല. അതിനിടയിൽ രോഗികൾ മരിച്ചാൽ അത് സ്വാഭാവിക മരണമായല്ലേ കരുതുകയുള്ളൂ. അതുപോലല്ലേയുള്ളൂ ഇതും. പണിമുടക്കിനിടയിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചാൽ അതും സ്വാഭാവിക മരണമല്ലേ. നിയമസഭാ സമ്മേളനം നടക്കുകയല്ലേ. ഒരു എം.എൽ.എപോലും തിരിഞ്ഞുനോക്കിയില്ലല്ലോ ഞങ്ങളെ ആർക്കും കയറി അടിക്കാമെന്ന് വിചാരിച്ചുകളയരുതെന്നും രാഹുൽ പറഞ്ഞു.

ലളിതമായി തീർക്കേണ്ട പ്രശ്നമല്ലിതെന്നും എന്താണ് മൂലകാരണമെന്നാണ് കണ്ടെത്തേണ്ടതെന്നും ട്രാൻസ്പോർട്ട് എംപ്ളോയീസ് അസോസിയേഷൻ (സി.ഐ .ടി.യു) ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പറയുന്നു. പ്രശ്നത്തിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം. ഇത്തരം നടപടികൾ മേലിൽ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്. പൊലീസിൻെറ വീഴ്ചയാണ്. പ്രശ്നം ഉണ്ടാകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കണം. കിഴക്കേക്കോട്ടയിൽ നിന്ന് സർവീസ് നടത്താൻ സ്വകാര്യ ബസിന് ആരാണ് അനുമതി നൽകിയത്. കിഴക്കേക്കോട്ട വഴി പോകാനേ അനുമതിയുള്ളൂ. അങ്ങനെ ആരാണ് അനുമതി നൽകിയത്. ഉത്തരവാദിത്വത്തിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഹരികൃഷ്ൻ പറഞ്ഞു. 

സമയക്രമം പാലിക്കാനുള്ള ഉത്തരവാദിത്വം മോട്ടോർ വാഹന വകുപ്പിനല്ലേ. സംഭവം ഇങ്ങനെയാണെങ്കിലും വഴി തടഞ്ഞുകൊണ്ടുള്ള മിന്നൽ പണിമുടക്കിന് ഞങ്ങൾ എതിരാണ്. ഈ സംഭവം നടക്കുമ്പോൾ രാജ് ഭവന് മുന്നിൽ മറ്റൊരു സമരത്തിലായിരുന്നു ഞങ്ങളുടെ യൂണിയൻ, ഒരു വാഹനത്തിനും തടസമില്ലാതെയാണ് ആ സമരം നടത്തിയത്. മിന്നൽ പണിമുടക്കിലൂടെ നിരപരാധികളായ യാത്രക്കാരെയാണ് വിഷമിപ്പിച്ചത്. ചെറിയ രീതിയിൽ തീർക്കാവുന്ന പ്രശ്നമാണ് വഷളാക്കിയതെന്നും ഹരികൃഷ്ണൻ വ്യക്തമാക്കി. 

എന്നാൽ ഏത് രീതിയിലാണ് നടപടി എന്ന് നോക്കിയിട്ടേ ഞങ്ങളുടെ യൂണിയൻ നിലപാടെടുക്കുകയുള്ളുവെന്ന് ടി.ഡി.എഫ് വർക്കിംഗ് പ്രസിഡ‌ൻ്റ് .ശശിധരൻ പറഞ്ഞു.